ന്യൂഡൽഹി: ഹെലികോപ്‌ടർ അടിയന്തര ലാൻഡിംഗ് നടത്തിയതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ 'പ്രേത ഗ്രാമം"എന്നറിയപ്പെടുന്ന റലാമിൽ കുടുങ്ങിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനെയും കൂട്ടരെയും രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് പിത്തോരഗഢ് ജില്ലയിലെ മഞ്ഞുമൂടിയ റലാം പ്രദേശത്ത് ഹെലികോപ്ടർ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇവിടെ മൈനസ് താപനിലയാണ്. 28 വീടുകളുണ്ടെങ്കിലും മഞ്ഞുമൂടിയതിനാൽ ആളൊഴിഞ്ഞ നിലയിലാണ്. അതിനാൽ കമ്മിഷണറും കൂട്ടരും ഫലത്തിൽ 'ഒറ്റപ്പെട്ടു". ഉത്തരാഖണ്ഡ് അഡിഷണൽ ചീഫ് ഇലക്ഷൻ ഓഫീസർ വിജയ് കുമാർ, പഴ്‌സണൽ സെക്യൂരിറ്റി ഓഫീസർ നവീൻ കുമാർ, രണ്ട് പൈലറ്റുമാർ എന്നിവരും രാജീവ് കുമാറിനൊപ്പമുണ്ടായിരുന്നു.
ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന പോളിംഗ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥരും വോട്ടർമാരും നേരിടുന്ന വെല്ലുവിളികൾ നേരിട്ട് മനസിലാക്കാനുള്ള യാത്രയിലായിരുന്നു കമ്മിഷണർ. മുൻസിയാരിയിൽ നിന്ന് പർവതങ്ങൾക്കിടയിൽ ജോഹർ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന അവസാന ഗ്രാമമായ മിലാമിലേക്കുള്ള യാത്രയിലായിരുന്നു സംഘം. ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടോടെ അടിയന്തര ലാൻഡിംഗ്.
മൈനസ് താപനിലയിൽ ഒരു രാത്രി കഴിഞ്ഞുകൂട്ടിയ ശേഷം ഇന്നലെ പുലർച്ചെ കാലാവസ്ഥ മെച്ചപ്പെട്ടതോടെ സംഘം സുരക്ഷിതമായി മുൻസിയാരി തഹസിൽ ആസ്ഥാനത്തെത്തി. 2022ൽ കമ്മിഷണറായി അധികാരമേറ്റയുടൻ രാജീവ് കുമാർ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ദുമാക് ഗ്രാമത്തിലെ വിദൂര പോളിംഗ് സ്റ്റേഷൻ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |