ന്യൂഡൽഹി: വാരാണസിയിൽ അടക്കം വിവിധ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വികസന പദ്ധതികൾ അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ തന്റെ മണ്ഡലമായ വാരാണസിയിൽ നടന്ന ചടങ്ങിൽ ഇതടക്കം 6700 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
ഇന്നലെ ഉച്ചയ്‌ക്ക് വാരാണസിയിലെത്തിയ മോദി കാഞ്ചി ശങ്കരാചാര്യ മഠത്തിന്റെ കീഴിലുള്ള ആർ.ജെ ശങ്കര നേത്രാലയം ഉദ്ഘാടനം ചെയ്‌തു. ഖേലോ ഇന്ത്യ, സ്മാർട്ട് സിറ്റി പദ്ധതികൾക്ക് കീഴിൽ 210 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച വാരാണസി കായിക സമുച്ചയത്തിന്റെ 2, 3 ഘട്ടങ്ങൾ, ലാൽപൂരിലെ ഡോ. ഭീംറാവു അംബേദ്കർ സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ഹോസ്റ്റലുകൾ, പൊതു പവലിയൻ എന്നിവയുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു.
സാരാനാഥിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട പ്രദേശങ്ങളുടെ വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങൾ, ബാണാസൂർ ക്ഷേത്രം, ഗുരുധാം ക്ഷേത്രം എന്നിവിടങ്ങളിലെ വിനോദസഞ്ചാര വികസന പ്രവർത്തനങ്ങൾ, പാർക്കുകളുടെ സൗന്ദര്യവത്കരണം, പുനർവികസനം തുടങ്ങിയ നിരവധി സംരംഭങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.
വിമാനത്താവള പദ്ധതികൾ:
വാരാണസി ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേ വിപുലീകരണം, പുതിയ ടെർമിനൽ കെട്ടിടത്തിന്റെ നിർമ്മാണം അടക്കം 2870 കോടി രൂപയുടെ പ്രവൃത്തികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ആഗ്ര വിമാനത്താവളം(570 കോടി), ബീഹാറിലെ ദർഭംഗ വിമാനത്താവളം( 910 കോടി), സിലിഗുരിയിലെ ബാഗ്ഡോഗ്ര വിമാനത്താവളം( 1550 കോടി രൂപ) എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.രേവ വിമാനത്താവളം, മാ മഹാമായ വിമാനത്താവളം, അംബികാപൂർ - സർസാവ വിമാനത്താവളം എന്നിവിടങ്ങളിൽ 220 കോടിയിലധികം രൂപ ചെലവിട്ടു നിർമിച്ച പുതിയ ടെർമിനൽ കെട്ടിടങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. ഈ വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 2.3 കോടി യാത്രക്കാർ യാത്ര ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |