ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗാന്ധർബൽ ജില്ലയിൽ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഒരു ഡോക്ടറും
ആറ് അന്യസംസ്ഥാന നിർമ്മാണ തൊഴിലാളികളുമാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നിരവധി പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ഗന്ദർബാൽ ജില്ലയിലെ ഗഗൻഗിറിലെ നിർമ്മാണത്തൊഴിലാളികളുടെ ക്യാമ്പിന് നേരെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഭീരുക്കളുടെ ആക്രമണമാണ് നടന്നതെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പ്രതികരിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ആക്രമണത്തെ അപലപിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പ്രദേശം കനത്ത സുരക്ഷയിലാണ്. ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.
ഇതിനിടെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു. മറ്റൊരാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഉറി സെക്ടറിലുള്ള കമൽകോട്ടിലെ നിയന്ത്രണ രേഖയ്ക്കടുത്താണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സൈനികരും മേഖലയിൽ ഓപ്പറേഷൻ നടത്തുകയായിരുന്നു. ഭീകരർ സൈനികർക്ക് നേരെ വെടിയുതിർത്തതോടെ സൈനികർ ശക്തമായി തിരിച്ചടിച്ചു. മേഖലയിൽ ഓപ്പറേഷൻ പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |