ന്യൂഡൽഹി: ഏതാനും സീറ്റുകളിൽ തർക്കമുണ്ടെങ്കിലും കോൺഗ്രസ്, ശിവസേന (ഉദ്ധവ്), എൻ.സി.പി സഖ്യമായ മഹാവികാസ് അഘാഡിയുടെ (എം.വി.എ) സീറ്റ് ചർച്ച അവസാനഘട്ടത്തിൽ. സമാജ്‌വാദി, സി.പി.എം അടക്കം ചെറുകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി. 288 സീറ്റുകളിലും 28ന് പ്രഖ്യാപനമുണ്ടായേക്കും.
മൂന്ന് പാർട്ടികളും 85 സീറ്റുകളുടെ ധാരണ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് 48 പേരുടെ ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. ശിവസേന (ഉദ്ധവ്) 65ഉം എൻ.സി.പി (ശരദ്‌പവാർ) 45ഉം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.
ബാക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്നലെ ഡൽഹിയിൽ ചേർന്നു. ആദ്യപട്ടികയിൽ പി.സി.സി അദ്ധ്യക്ഷൻ നാനാ പടോളെ (സകോലി), പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ (ബ്രഹ്മപുരി), മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ (കരാഡ് സൗത്ത്), പ്രമുഖ നേതാക്കളായ ബാലാസാഹേബ് തോറാട്ട് (സംഗംനർ), പ്രഫുൽ വിനോദ് റാവു (നാഗ്പൂർ സൗത്ത് വെസ്റ്റ്),കുനാൽ രോഹിദാസ് പാട്ടീൽ (ധൂലെ റൂറൽ), രാജേഷ് പണ്ഡിത്റാവു ഏകഡെ (മൽകാപൂർ), സുനിൽ ദേശ്‌മുഖ് (അമരാവതി), അഡ്വ. യശോമതി ചന്ദ്രകാന്ത് താക്കൂർ (തിയോസ) തുടങ്ങിയവരുണ്ട്.
ആദിത്യയ്‌ക്കെതിരെ മിലിന്ദ്
ശിവസേന (ഉദ്ധവ്) തലവൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്‌ക്കെതിരെ വർളിയിൽ ശിവസേന ( ഏകനാഥ് ഷിൻഡെ) മുൻ കോൺഗ്രസ് നതാവ് മിലിന്ദ് ദിയോറയെ സ്ഥാനാർത്ഥിയാക്കി.
മഹായുതിയിൽ 278 സീറ്റിൽ ധാരണ
ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചർച്ചകളിൽ 278 സീറ്റിൽ ധാരണയായെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. ശേഷിക്കുന്ന 10 സീറ്റുകൾ അടുത്ത ദിവസങ്ങളിൽ അന്തിമമാക്കും. ചർച്ചയ്‌ക്ക് ഏക്‌നാഥ് ഷിൻഡെയും എൻ.സി.പി നേതാവ് അജിത് പവാറും എത്തിയിരുന്നു.
ജാർഖണ്ഡ്: ബി.ജെ.പി താരപ്രചാരകർ
ജാർഖണ്ഡിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അക്കം 40 താരപ്രചാരകരുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടു. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ, ധർമേന്ദ്ര പ്രധാൻ, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശർമ്മ, മോഹൻ യാദവ്, മോഹൻ മാജ്ഹി, വിഷ്ണു ദിയോ സായ്, നയാബ് സിംഗ് സൈനി, ജെ.എം.എമ്മിൽ നിന്നെത്തിയ മുൻ മുഖ്യമന്ത്രി ചമ്പൈ സോറൻ തുടങ്ങിയവരും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |