# ബഹിരാകാശ നിലയത്തിൽ
മനുഷ്യനെ എത്തിക്കുക ലക്ഷ്യം
തിരുവനന്തപുരം: ഇന്ത്യയുടെ സ്പെയ്സ് സ്റ്റേഷനായ അന്തരീക്ഷ നിലയവും ഗഗൻയാൻ ദൗത്യവും യാഥാർത്ഥ്യമാക്കുന്നതിന് മുന്നോടിയായി
ബഹിരാകാശത്തുവച്ച് പേടകങ്ങൾ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണത്തിലേക്ക് ഐ.എസ്.ആർ.ഒ.
സ്‌പേസ് ഡോക്കിങ് എക്സിപിരിമെന്റ് (സ്പെഡെക്സ്) നടത്താൻ ഇരട്ട ഉപഗ്രഹങ്ങൾ ഡിസംബർ 15ന് വിക്ഷേപിക്കും. ചേസർ, ടാർജറ്റ് എന്നിവയാണ് ഉപഗ്രഹങ്ങൾ.
തിരുവനന്തപുരം മേനംകുളം കിൻഫ്രാ പാർക്കിലെ അനന്ത് ടെക്‌നോളജീസിന്റെ ബംഗളൂരു കേന്ദ്രത്തിലാണ് സ്പെഡെക്സ് നിർമ്മിച്ചത്.
അന്യഗ്രഹങ്ങളിലും സ്പെയ്സ് സ്റ്റേഷനുകളിലും നിന്ന് വസ്തുക്കൾ ഭൂമിയിലേക്ക് കൊണ്ടുവരാനും മനുഷ്യരെ ഗ്രഹങ്ങളിലും സ്പെയ്സ് സ്റ്റേഷനിലും എത്തിക്കാനും തിരിച്ചു കൊണ്ടുവരാനും അനിവാര്യമായ ദൗത്യമാണിത്.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളെ ഇതിലെ യന്ത്രക്കൈ ഉപയോഗിച്ച് ചേർത്തുപിടിച്ച് ഇന്ധനം നിറച്ച് അവയുടെ ആയുസ് നീട്ടാനും കേടുപാടുകൾ തീർക്കാനും പുതിയ ഉപകരണങ്ങൾ ഘടിപ്പിക്കാനും കഴിയും. വിക്ഷേപണങ്ങളുടെ ചെലവ് കുറയ്ക്കാം. യന്ത്രക്കൈ ബഹിരാകാശ മാലിന്യങ്ങളെ പിടിച്ചെടുത്ത് നശിപ്പിക്കും.
രണ്ട് ഉപഗ്രഹങ്ങൾ
'കൈ കൊടുക്കും"
1. 400 കിലോ വീതം ഭാരമുള്ള ടാർഗറ്റ്, ചേസർ പേടകങ്ങളെ പി.എസ്.എൽ.വി.സി -60 റോക്കറ്റിൽ നേരിയ വ്യത്യാസമുള്ള രണ്ട് ഭ്രമണപഥങ്ങളിൽ ഒരുമിച്ച് വിക്ഷേപിക്കും. ഇവ 700 കിലോമീറ്റർ ഉയരത്തിലാണ് ഡോക്ക് ചെയ്യുന്നത്.
2.സെക്കൻഡിൽ എട്ടു മണിക്കൂർ വേഗത്തിൽ അഭിമുഖമായി സമീപിക്കുന്ന ഉപഗ്രഹങ്ങൾ വേഗം കുറച്ച് 'സ്‌പേസ് ഹാൻഡ്‌ഷേക്ക്"നടത്തി ഒറ്റ യൂണിറ്റാവുന്നതാണ് ഡോക്കിംഗ്. കൂട്ടിയിടി ഒഴിവാക്കുകയാണ് വെല്ലുവിളി. പേടകങ്ങൾ അധികജോലികൾ ചെയ്യാനായി പിന്നീട് വേർപിരിയും.
3.സ്പെഡെക്സിന്റെ വിജയത്തിനു പിന്നാലെ ചന്ദ്രയാൻ-4 പേടക ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ച് സംയോജിപ്പിക്കും. അവിടെനിന്നാവും ചന്ദ്രനിലേക്ക് പോകുന്നത്. ഇന്ത്യയുടെ സ്പെയ്സ് സ്റ്റേഷൻ സജ്ജമാക്കുന്നതും പല ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ച് അവിടെവച്ച് സംയോജിപ്പിച്ചാണ്.
#ഡോക്കിംഗ് വിദ്യ
മൂന്നു രാജ്യങ്ങൾക്ക്
റഷ്യ,അമേരിക്ക,ചെെന എന്നീ രാജ്യങ്ങൾ മാത്രമേ ഇതു സ്വായത്തമാക്കിയിട്ടുള്ളൂ.
1967സോവിയറ്റ് യൂണിയൻ കോസ്‌മോസ് ദൗത്യത്തിലൂടെ ഡോക്കിംഗ് നടത്തി.
1975ൽ റഷ്യയുടെ സോയൂസുമായി അമേരിക്കയുടെ അപ്പോളോ ഡോക്ക് ചെയ്‌തു
2014ൽ ചെെന തൈൻസു കാർഗോ സ്പെയ്സിലൂടെ നേട്ടം കൈവരിച്ചു
സ്പെയ്സ് എക്സ് ഓട്ടോമേറ്റീവ് ഡോക്കിംഗ് വികസിപ്പിച്ചു. ഇപ്പോൾ അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷൻ ആശ്രയിക്കുന്നത് സ്പെയ്സ് എക്സിനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |