വിക്രവാണ്ടി (വില്ലുപുരം): വേദിക്കു മുന്നിൽ പ്രത്യക്ഷപെട്ട വിജയ്, നെടുനീളൻ റാമ്പിലൂടെ നടന്നു നീങ്ങിയപ്പോൾ ജനം ആർത്തുവിളിച്ചു ദളപതീ... വരുംകാല മുതലൈമച്ചർ.... ഒരു ആരാധകൻ എറിഞ്ഞുകൊടുത്ത പാർട്ടിപാതാകയുടെ നിറമുള്ള ഷാൾ കഴുത്തിൽ ചുറ്റി ജനസാഗരത്തെ നോക്കി കൈവീശി. അപ്പോഴേക്കും വിജയുടെ നേരെ ചുവപ്പും മഞ്ഞയും ചേർന്ന ഷാളുകൾ പറന്നെത്തിക്കൊണ്ടിരുന്നു. ഒരെണ്ണം കൂടി കഴുത്തിലണിഞ്ഞ് വേഗത്തിൽ നടന്നും ഓടിയുമാണ് വിജയ് വേദിയിലെത്തിയത്.
തമിഴ്നാട് വെട്രികഴകം (ടി.വി.കെ) എന്ന പാർട്ടിയുടെ ആദ്യ സമ്മേളനം തന്നെ ഉജ്ജ്വലമാക്കാൻ പാർട്ടി അദ്ധ്യക്ഷനായ വിജയ്‌ക്ക് കഴിഞ്ഞു. പൊളിറ്റിക്കൽ ത്രില്ലർ സിനിമയെ വെല്ലുന്ന മാസ് ഡയലോഗുകൾ.
ഓരോ വിഷയത്തിനും ചേരുംവിധത്തിൽ ശബ്ദത്തിന്റെ ടോണും മോഡുലേഷനും മാറ്റൽ. ടി.വി.കെയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ പ്രവർത്തകരെയും അനുഭാവികളെയും ആവേശം കൊള്ളിക്കാൻ വ്യക്തമായ തയ്യാറെടുപ്പോടെയാണ് സൂപ്പർതാരം എത്തിയതെന്ന് വ്യക്തം.
പ്രത്യയശാസ്ത്രപരമായി, ദ്രാവിഡദേശീയതയേയും തമിഴ് ദേശീയതയേയും വേർതിരിച്ചുകാണാൻ ശ്രമിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു. അവ രണ്ടും ഈ മണ്ണിന്റെ രണ്ട് കണ്ണുകളാണ്. ഏതെങ്കിലും ഒരു പ്രത്യേക സ്വത്വത്തിലേക്ക് നാം നമ്മളെ ചുരുക്കരുത്. മതേതര സാമൂഹിക നീതിയാണ് നമ്മുടെ പ്രത്യയശാസ്ത്രം. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തിക്കുക- വിജയ് പറഞ്ഞു.
രാഷ്ട്രീയത്തിലെ വിജയത്തിന്റെയും പരാജയത്തിന്റെയും കഥകൾ വായിച്ചു. തൊഴിൽജീവിതം അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് സിനിമയും ശമ്പളവും ഉപേക്ഷിച്ച്, നിങ്ങളെ എല്ലാവരെയും വിശ്വസിച്ച്, നിങ്ങളുടെ വിജയ് ആയി എത്തിയിരിക്കുന്നത്. കൂടുതൽ കാശ് സമ്പാദിച്ചിട്ട് പ്രയോജനമില്ല, ജനങ്ങൾക്ക് നല്ലത് ചെയ്യണം. അതെങ്ങനെ ചെയ്യും? അതിന്റെ ഉത്തരമാണ് രാഷ്ട്രീയം- അദ്ദേഹം പറഞ്ഞു.
വേദിയിലെത്തി നാടിനുവേണ്ടി പോരാടിയവരുടെ ചിത്രങ്ങൾക്കു മുന്നിൽ പുഷ്പങ്ങൾഅർപ്പിച്ച ശേഷം സത്യപ്രതിജ്ഞ. പാർട്ടിയുടെ സെക്രട്ടറി വെങ്കിട്ടരാമൻ പ്രതിജ്ഞ ചൊല്ലിയപ്പോൾ വിജയ് വലതുകൈ ഇടതു നെഞ്ചിനോട് ചേർത്ത് പിടിച്ച് ഹൃദയം തൊടുന്നുവെന്ന സന്ദേശം വിജയ് നൽകിയപ്പോൾ ജനസാഗരം അത് അനുകരിച്ചു.
വിക്രവാണ്ടിയിൽ മൂന്നു ലക്ഷത്തോളം പേർ നേരിട്ട് സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ അവിടെ എത്താൻ കഴിയാതെ ഇരട്ടിയിലേറെ പേർ ട്രിച്ചി- ചെന്നൈ ബൈപാസിൽ കുടുങ്ങികിടക്കുന്നുണ്ടായിരുന്നു.
ഒരു കഥൈ ശൊല്ലട്ടുമാ....
അച്ഛനിൽനിന്നും അമ്മയിൽനിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ് വിജയ് സംസാരിച്ചത്. ഭഗവദ് ഗീതയ്‌ക്കൊപ്പം ഖുർആനും ബൈബിളും പ്രവർത്തകർ സമർപ്പിച്ചു. ആരാധകർ നൽകിയ 'വീരവാൾ' ഉയർത്തിക്കാട്ടിയപ്പോൾ പതിനായിരങ്ങൾ ആരവമുയർത്തി.
'' അമ്മ എന്ന് ആദ്യമായി ഒരു കുട്ടി വിളിക്കുമ്പോൾ അമ്മയ്ക്ക് എന്ത് സന്തോഷമായിരിക്കും. കുട്ടിക്കു മുന്നിൽ ഒരു പാമ്പ് ആദ്യമായി വന്നാൽ അതിനെ നോക്കിയും കുട്ടി ചിരിക്കും, എന്നിട്ട് പാമ്പിനെ പിടിക്കും. ഇവിടെ പാമ്പാണ് രാഷ്ട്രീയം. പാമ്പായാലും രാഷ്ട്രീയമായാലും അതിനെ കൈയിലെടുത്തു കളിക്കാൻ ആരംഭിച്ചാൽ കളി മാറും. രാഷ്ട്രീയത്തിൽ ശിശു ആണെന്ന പരിഹാസം ഉയർത്തിയവർക്കാണ് ഈ വാക്കുകളിലൂടെ മറുപടി നൽകിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |