സൈനിക നായയ്‌ക്ക് വീരമൃത്യു
ന്യൂഡൽഹി: ജമ്മു കശ്മീരിലെ അക്‌നൂറിലെ സുന്ദർബനി സെക്ടറിൽ സുരക്ഷാസേന തിങ്കളാഴ്‌ച സൈനിക വാഹനത്തെ ആക്രമിച്ച മൂന്ന് ഭീകരെ കീഴ്പ്പെടുത്തിയത് നിർമ്മിത ബുദ്ധി, ആളില്ലാ വാഹനം(ഡ്രോൺ) അടക്കം സാങ്കേതികവിദ്യകളുടെ സഹായത്തോടെ. ഭീകരരുടെ വെടിയേറ്റ് ഫാന്റം എന്ന സ്‌നിഫർ നായ വീരമൃത്യു വരിച്ചു. ഭീകരർ വൻ ദൗത്യവുമായാണ് വന്നതെന്ന് കരസേന ആർമി മേജർ ജനറൽ സമീർ ശ്രീവാസ്തവ പറഞ്ഞു.
രാവിലെ 7:25ഓടെ ബട്ടാലിലെ ജോഗ്വാൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ശിവസൻ ക്ഷേത്രത്തിന് സമീപമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ തമ്പടിച്ച വിവരം ഗ്രാമവാസികളിൽ നിന്ന് നേരത്തെ ലഭിച്ചിരുന്നുവെന്ന് സമീർ ശ്രീവാസ്തവ പറഞ്ഞു. ഇപ്പോൾ ഇത്തരം വിവരങ്ങൾ കൃത്യമായി ലഭിക്കുകയും അതിനനുസരിച്ച് സുരക്ഷാ സേന പ്രവർത്തിക്കുകയും ചെയ്യുന്നു. ഉദ്ദേശ്യം പൂർത്തീകരിക്കില്ലെന്ന് മനസിലായതോടെയാണ് ഭീകരർ സൈനിക വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തത്.
അവരുടെ ലക്ഷ്യം വലുതായിരുന്നുവെന്നാണ് പിടിച്ചെടുത്ത ആയുധങ്ങളും മറ്റും തെളിയിക്കുന്നത്. രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ എല്ലാ സംഘടനകളും ഒാപ്പറേഷനിൽ ഏകോപനത്തോടെ പ്രവർത്തിച്ചു. ആളില്ലാ വിമാനങ്ങളും എ.ഐ സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒാപ്പറേഷൻ കൃത്യമാക്കി. ബി.എം.പി കവചിത വാഹനങ്ങളുടെ സഹാത്താൽ വനമേഖലയിലൂടെ പെട്ടെന്ന് നീങ്ങാൻ സാധിച്ചു.
വീരമൃത്യു വരിച്ച് ഫാന്റം
ഭീകരരുടെ സ്ഥലം കണ്ടെത്തി കുതിക്കുന്നതിനിടെയാണ് സൈന്യത്തിന്റെ ഫാന്റം എന്ന നായയ്‌ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ നായയുടെ ജീവൻ രക്ഷിക്കാനായില്ല. നാലു വയസുള്ള ബെൽജിയൻ മാലിനോയിസ് ഇനത്തിൽപ്പെട്ട ഫാന്റത്തെ 2022 ആഗസ്റ്റിലാണ് മേഖലയിലേക്ക് പോസ്‌റ്റ് ചെയ്‌തത്. നിരവധി ഭീകര ഒാപ്പറേഷനുകളിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |