ന്യൂഡൽഹി: മുൻ സർക്കാരുകളുടെ ആസൂത്രണമില്ലായ്‌മ മൂലം കാലഹരണപ്പെട്ട സാങ്കേതികവിദ്യകൾ ഒരുകാലത്ത് ഇന്ത്യയെ പിന്നോട്ടടിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമനം ലഭിച്ച 51,000 പേർക്ക് നിയമന പത്രങ്ങൾ വിതരണം ചെയ്‌ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. പണ്ടൊക്കെ പാശ്ചാത്യ രാജ്യങ്ങളിലെ കാലഹരണപ്പെട്ട സാങ്കേതികവിദ്യകളാണ് ഇന്ത്യയിലെത്തിയിരുന്നത്. ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നു വിശ്വാസം. ഇത് വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയെ പിന്നോട്ടടിക്കുക മാത്രമല്ല, രാജ്യത്തെ നിർണായകമായ തൊഴിലവസരങ്ങൾ നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. മേക്ക് ഇൻ ഇന്ത്യ പദ്ധതി വഴി ബഹിരാകാശം, സെമികണ്ടക്‌ടർ, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ ഈ പഴഞ്ചൻ ചിന്താഗതിയിൽ നിന്ന് മോചനം നേടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഒരു പദ്ധതി ആരംഭിക്കുമ്പോൾ ജനങ്ങൾക്ക് അതിൽ നിന്ന് ലഭിക്കുന്ന തൊഴിലവസരങ്ങൾക്കുള്ള സമ്പൂർണ ആവാസവ്യവസ്ഥ വികസിപ്പിക്കാൻ ഊന്നൽ നൽകും. ജർമ്മനി വിദഗ്ദ്ധരായ ഇന്ത്യൻ യുവാക്കൾക്ക് നൽകുന്ന വിസകളുടെ എണ്ണം 20,000 ൽ നിന്ന് 90,000 ആക്കി ഉയർത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. 3000 ഇന്ത്യക്കാർക്ക് യുകെയിൽ ജോലി ചെയ്യാനും പഠിക്കാനും രണ്ടു വർഷത്തെ വീസാ ലഭിക്കും. 3000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആസ്‌ട്രേലിയയിൽ പഠിക്കാൻ അവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |