ശ്രീഹരിക്കോട്ട: സൂര്യ പഠനത്തിന് യൂറോപ്യൻ സ്പെയ്സ് ഏജൻസിയും ഐ. എസ്. ആർ. ഒയും സംയുക്തമായി നടത്തുന്ന ഇരട്ട പേടക ദൗത്യമായ പ്രോബ 3ന്റെ വിക്ഷേപണം സാങ്കേതികതരാർ മൂലം ഇന്നത്തേക്ക് മാറ്റി. ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി സി 59 റോക്കറ്റിൽ ഇന്നലെ വൈകിട്ട് 4.12ന് വിക്ഷേപിക്കാനിരുന്നതാണ്. അവസാന നിമിഷമാണ് ഒരു പേടകത്തിൽ തകരാർ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 4.12ന് വിക്ഷേപണം നടത്തുമെന്ന് ഐ.എസ്.ആർ.ഒ. അറിയിച്ചു.
കൊറോണഗ്രാഫ് സ്പേസ്ക്രാഫ്റ്റ് ( സി. എസ്.സി), ഒക്കൾട്ടർ സ്പേസ്ക്രാഫ്റ്റ് ( ഒ. എസ്.സി) എന്നീ ഉപഗ്രഹങ്ങളാണ് യൂറോപ്യൻ സ്പേസ് ഏജൻസിക്ക് വേണ്ടി ഐ. എസ്. ആർ. ഒ വിക്ഷേപിക്കുന്നത്. 550 കിലോ ഭാരമുള്ള ഉപഗ്രഹങ്ങളെ 600 മുതൽ 60,530 വരെ കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് എത്തിക്കുക.
രണ്ട് ഉപഗ്രഹങ്ങൾ നിശ്ചിത പാതയിൽ പറന്ന് ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയെ ആഴത്തിൽ പഠിക്കുകയാണ് യൂറോപ്യൻ പ്രോബ 3 ദൗത്യത്തിന്റെലക്ഷ്യം..
ബൽജിയത്തിൽ നിർമ്മിച്ച് കടൽമാർഗ്ഗം ശ്രീഹരിക്കോട്ടയിൽ എത്തിച്ചതാണിവ. ഐ.എസ്.ആർ.ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) ഏറ്റെടുത്ത വാണിജ്യ വിക്ഷേപണമാണിത്. 1680 കോടി രൂപയാണ് ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |