രണ്ട് മണിക്കൂർ ചോദ്യം ചെയ്യൽ
ഹൈദരാബാദ്: അനുമതി നിഷേധിച്ചിട്ടും റോഡ് ഷോ നടത്തി തിയേറ്ററിൽ എത്തിയതെന്തിന്, എപ്പോഴാണ് സ്ത്രീയുടെ മരണത്തെക്കുറിച്ച് അറിഞ്ഞത്... പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജ്ജുൻ.
അതിനിടെ അല്ലുവിന്റെ സുരക്ഷാമാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരാധകരെ അല്ലുവിന്റെ സുരക്ഷാജീവനക്കാരൻ വടി കൊണ്ട് തല്ലുന്ന വീഡിയോ പുറത്തായിരുന്നു.
പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അല്ലുവിനെ ഇന്നലെ ഹൈദരാബാദ് പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. സുരക്ഷാ സംഘം ആളുകളെ മർദ്ദിച്ചപ്പോൾ എന്തുകൊണ്ട് ഇടപെട്ടില്ല, പരസ്പര വിരുദ്ധമായ പ്രസ്താവനകളല്ലേ നടത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്കും മൗനമായിരുന്നു ഉത്തരം. നേരത്തേ പൊലീസ് പുറത്തുവിട്ട, തിയേറ്ററിലുണ്ടായ സംഭവത്തിന്റെ 10 മിനിട്ടുള്ള വീഡിയോയും പ്രദർശിപ്പിച്ചു. എന്നിട്ടും മൗനം തുടർന്നു. ഡി.സി.പിയും എ.സി.പിയും ഉൾപ്പെട്ട നാലംഗ സംഘമാണ് ചോദ്യം ചെയ്തത്.
ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ 11ഓടെയാണ് അല്ലു ഹാജരായത്. താരം എത്തുന്നത് കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു. നൂറു കണക്കിന് ആരാധകരും പ്രദേശത്ത് തമ്പടിച്ചു. അല്ലു അർജ്ജുനെ തിയേറ്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.
ഡിസംബർ 4നാണ് സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി അല്ലു അർജ്ജുൻ എത്തിയത്. ഇതോടെ അനിയന്ത്രിതമായ തിരക്കുണ്ടായി. ദിൽഷുക്നഗർ സ്വദേശി രേവതി തിരക്കിൽ പെട്ട് കുഴഞ്ഞുവീഴുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തു. രേവതിയുടെ ഇളയ മകന് ഗുരുതരമായി പരിക്കേറ്രു. പിന്നീട് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അല്ലു അർജ്ജുനെയും തിയേറ്ററിന്റെ ഉടമസ്ഥരെയും അറസ്റ്റ് ചെയ്തിരുന്നു. അല്ലു പിന്നീട് ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങി. അല്ലുവിന്റെ വീടിനുനേർക്ക് കല്ലേറുമുണ്ടായി.
50 ലക്ഷം കൈമാറി
രേവതിയുടെ കുടുംബത്തിന് പുഷ്പ 2വിന്റെ നിർമ്മാണ കമ്പനിയായ മൈത്രി മൂവീ മേക്കേഴ്സ് 50 ലക്ഷം രൂപ നൽകി. രേവതിയുടെ ഭർത്താവിനെ നേരിൽക്കണ്ടാണ് നിർമ്മാതാവ് നവീൻ യെർനേനി 50 ലക്ഷം രൂപയുടെ ചെക്ക് തെലങ്കാന മന്ത്രി വെങ്കട് റെഡ്ഡിയുടെ സാന്നിദ്ധ്യത്തിൽ കൈമാറിയത്.
സ്വിമ്മിംഗ് പൂളിൽ മൂത്രമൊഴിച്ച
രംഗത്തിനെതിരെയും പരാതി
പുഷ്പ 2ൽ സ്വിമ്മിംഗ് പൂളിൽ മൂത്രമൊഴിച്ച രംഗമുള്ളതിന് അല്ലുവിനെതിരെ പരാതിയുമായി തെലങ്കാനയിലെ കോൺഗ്രസ് നേതാവ് തീൻമർ മല്ലണ്ണ രംഗത്ത്. മര്യാദയില്ലാത്ത രംഗമാണിതെന്നും നിയമപാലകരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും പറയുന്നു. സംവിധായകൻ സുകുമാറിനെതിരേയും പരാതി നൽകി.
അല്ലുവിനെ വ്യക്തിപരമായി വേട്ടയാടുന്നതിനിടെ സംസ്ഥാനത്തിന്റെ പല വിഷയങ്ങളും രേവന്ത് റെഡ്ഡി സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു
ഹരീഷ് റാവു, ബി.ആർ.എസ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |