ന്യൂഡൽഹി : ആത്മഹത്യാ പ്രേരണാക്കുറ്റം പ്രതിക്കെതിരെ യാന്ത്രികമായി പ്രയോഗിക്കരുതെന്ന് സുപ്രീകോടതി. ആത്മഹത്യ ചെയ്‌തയാളുടെ വീട്ടുകാരെ സമാധാനിപ്പിക്കാൻ വേണ്ടി കുറ്റം ചുമത്തരുത്. ആശയവിനിമയങ്ങളെ ആത്മഹത്യാ പ്രേരണയായി പെരുപ്പിച്ചു കാണിക്കരുത്.
കുടിശ്ശിക അടച്ചുതീർക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ മദ്ധ്യപ്രദേശിൽ വായ്‌പയെടുത്തയാൾ ആത്മഹത്യ ചെയ്‌ത കേസിൽ ബാങ്ക് മാനേജരെ കുറ്റവിമുക്തനാക്കികൊണ്ടാണ് പൊലീസിനും വിചാരണക്കോടതികൾക്കുമുള്ള നിർദ്ദേശം.
കുറ്റം ചുമത്താനുള്ള ഘടകങ്ങളുണ്ടോയെന്ന് കൃത്യമായി പരിശോധിച്ചശേഷമായിരിക്കണം പ്രയോഗിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ പൊലീസിനെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചെന്ന് കോടതി പറഞ്ഞു. വിചാരണക്കോടതികളും സാങ്കേതികത മാത്രം നോക്കി വിചാരണ നടത്താൻ തീരുമാനിക്കരുത്. പ്രായോഗിക സമീപനം വേണം.
കാസർകോട്
പ്രോ വി.സി നിയമനം :
ഹർജി തള്ളി
ന്യൂഡൽഹി : കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രോ വൈസ് ചാൻസലറായി ഡോ.കെ.. ജയപ്രസാദിനെ നിയമിച്ച നടപടിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജയ് കരോലും പ്രശാന്ത് കുമാർ മിശ്രയും അടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ജയപ്രസാദിന് യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരമുള്ള യോഗ്യതയില്ലെന്നാണ് കൊല്ലം സ്വദേശി ഡോ.എസ്.ആർ. ജിത സമർപ്പിച്ച ഹർജിയിൽ ആരോപിച്ചത്. നിയമനത്തിനെതിരായ ഹർജികൾ നേരത്തെ കേരള ഹൈക്കോടതിയും തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |