
ചെന്നൈ: സാങ്കേതിക തകരാറിനെത്തുടർന്ന് ചെന്നൈ മെട്രോ ട്രെയിൻ സബ്‌വേയിൽ കുടുങ്ങി. തൊട്ടടുത്ത സ്റ്റേഷനിലേക്ക് ഇറങ്ങിനടക്കാൻ അധികൃതർ ആവശ്യപ്പെട്ടതോടെ യാത്രക്കാർ തുരങ്കത്തിലൂടെ നടന്നത് അരക്കിലോമീറ്ററോളം. ഇന്നലെ പുലർച്ചെ സെൻട്രൽ മെട്രോ സ്‌റ്റേഷനും ഹൈക്കോടതി സ്‌റ്റേഷനും ഇടയിലാണ് സംഭവം. വിംകോ നഗറിനും ചെന്നൈ വിമാനത്താവളത്തിനുമിടയിലുള്ള ബ്ലൂലൈനിലൂടെ സഞ്ചരിക്കവേ തുരങ്കത്തിൽ വച്ച് പൊടുന്നനെ മെട്രോ നിന്നു. പിന്നാലെ ട്രെയിനിലെ വൈദ്യുതിയും നിലച്ചു. ഏകദേശം പത്ത് മിനിട്ടോളം മെട്രോയിൽ കുടുങ്ങിയ യാത്രക്കാരോട് അധികൃതർ ഇറങ്ങി നടക്കാൻ അറിയിച്ചു.തൊട്ടടുത്ത ഹൈക്കോടതി സ്‌റ്റേഷനിലേക്ക് നടന്നുപോകാനാണ് അറിയിപ്പ് വന്നത്. ഇതോടെ യാത്രക്കാർ ഓരോരുത്തരായി തുരങ്കപാതയിലൂടെ
നടന്നുപോവുകയായിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങൾ പുറത്തുവന്നു. സാങ്കേതിക തകരാറാണെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാരെ വളരെവേഗം പുറത്തെത്തിച്ചെന്നും രാവിലെ 6.20ഓടെ സർവീസുകൾ സാധാരണനിലയിലായെന്നും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മെട്രോ റെയിൽ അധികൃതർ പറഞ്ഞു.
അതിനിടെ, തങ്ങൾക്കുനേരിട്ട ദുരനുഭവത്തെക്കുറിച്ച് യാത്രക്കാർ പിന്നീട് സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് മെട്രോ ഇതിനുമുമ്പും വഴിയിൽ കിടന്നിട്ടുണ്ട്. ജൂണിൽ വിമാനത്താവളത്തിലെ മെട്രോ പണിമുടക്കിയതോടെ ഗ്രീൻ, ബ്ലൂ ലൈനുകളിലെ സർവീസ് തടസപ്പെട്ടിരുന്നു. ഗ്രീൻ ലൈനിലെ തകരാർ അഞ്ചുമണിക്കൂറിന് ശേഷമാണ് പരിഹരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |