ആഡംബര കപ്പലിലെ ലഹരിവിരുന്ന് പാർട്ടിക്കിടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനൊപ്പം അറസ്റ്റിലായ
മുൻമുൻ ധമേചയാരാണെന്നാണ് സോഷ്യൽമീഡിയയിൽ കഴിഞ്ഞ മണിക്കൂറുകളിൽ ഉയർന്ന ചോദ്യം. ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ പ്പേർ തെരഞ്ഞതും ഈ പേരാണ്. മോഡലും സോഷ്യൽമീഡിയ സെലിബ്രിറ്റിയുമായ മുൻമുൻ, വ്യവസായ കുടുംബത്തിലെ അംഗമാണ്. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ തെഹ്സിൽ സ്വദേശിയാണ്. 39 വയസുകാരിയായ മുൻമുനിന്റെ അമ്മ കഴിഞ്ഞ വർഷമാണ് മരിച്ചത്. അതിന് ഏതാനും നാൾ മുമ്പായിരുന്നു പിതാവ് അമിത് കുമാർ ധമേചയുടെ മരണം. മാതാപിതാക്കളുടെ മരണത്തെ തുടർന്നുള്ള വിഷമത്തിൽനിന്ന് മോചിതയായി വരുമ്പോഴാണ് ലഹരിക്കേസിൽ അകത്തായത്. സഹോദരൻ പ്രിൻസ് ധമേച്ഛ ഡൽഹിയിൽ ജോലി ചെയ്യുകയാണ്.
സാഗറിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ മുൻമുനിനെപ്പറ്റി അധികമാർക്കും അറിയില്ല.
കുറച്ചുകാലം ഭോപ്പാലിൽ താമസിച്ച മുൻമുൻ, ആറു വർഷം മുമ്പാണ് സഹോദരനൊപ്പം ഡൽഹിയിലേക്ക് താമസം മാറിയത്. ഇൻസ്റ്റഗ്രാമിൽ വളരെ സജീവമാണിവർ. 11,000 ഫോളോവേഴ്സാണുള്ളത്. ലഹരിക്കേസിനു പിന്നാലെ ഫോളോവേഴ്സിന്റെ എണ്ണം കൂടി.
വലിയ സെലിബ്രിറ്റികളൊന്നും ഇവരെ ഫോളോ ചെയ്യുന്നില്ലെങ്കിലും ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, വിക്കി കൗശൽ തുടങ്ങിയവരെ ഫോളോ ചെയ്യുന്നുണ്ട്.
ആര്യന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ അർബാസ്
പിടിയിലായ അർബാസ് മർച്ചന്റ് ആര്യന്റെ ഉറ്റസുഹൃത്താണെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ മക്കളായ ആര്യനുമായും സുഹാന ഖാനുമായും അർബാസിന് അടുത്ത ബന്ധമാണുള്ളത്. ഏകദേശം 30000ലേറെ പേരാണ് ഇയാളെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.നടൻ ഇർഫാൻ ഖാന്റെ മകൻ ബബ്ലി ഖാൻ, നടി പൂജാ ബേദിയുടെ മകൾ അലയ, നടൻ ചങ്കി പാണ്ഡെയുടെ മകൾ അനന്യ പാണ്ഡെ, തുടങ്ങിയവരും അർബാസിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്. അതിനിടെ, അലയയുമായി അർബാസ് പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ടായിരുന്നു. ആര്യനും അർബാസും കഴിഞ്ഞദിവസം അറസ്റ്റിലായതോടെ ഇരുവരുടെയും നിരവധി ചിത്രങ്ങളാണ് സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |