ന്യൂഡൽഹി: പാർട്ടി പറഞ്ഞാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എവിടെ മത്സരിക്കണമെന്ന് പാർട്ടിയുടെ പാർലമെന്ററി ബോർഡാണ് തീരുമാനമെടുക്കുന്നത്. അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തിൽ നേരിടുമെന്ന സംസ്ഥാന അദ്ധ്യക്ഷൻ സ്വതന്ത്രദേവ് സിംഗ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു യോഗിയുടെ പ്രതികരണം. 2017 ലെ തിരഞ്ഞെടുപ്പിൽ പാർട്ടി നൽകിയ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കിയെന്ന് യോഗി പറഞ്ഞു. ക്രമസമാധാന നിലയിൽ സംസ്ഥാനം മാതൃകയാണ്. കഴിഞ്ഞ നാല് വർഷം സംസ്ഥാനത്ത് ഒരു കലാപവുമുണ്ടായിട്ടില്ല. എല്ലാ ആഘോഷങ്ങളും സമാധാനപരമായാണ് ആഘോഷിച്ചത്.
യോഗി മത്സരിക്കേണ്ടെന്ന് അഖിലേഷ്
യോഗി ആദിത്യനാഥ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് സമാജ്വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന യോഗിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പോടെ അദ്ദേഹം പുറത്തേക്ക് പോകും. പിന്നെ എന്തിനാണ് മത്സരിക്കുന്നത്. തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് യഥാസമയത്ത് പാർട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |