ഹൈദരാബാദ്: പെൻസിൽ കാണാനില്ലെന്ന പരാതിയുമായി പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷനിലെത്തി. ആന്ധ്രപ്രദേശിലെ കുർണൂലിലാണ് സംഭവം. ക്ലാസിലെ ഒരു കുട്ടി തന്റെ പെൻസിൽ എടുത്തെന്നും അത് തിരിച്ച് തരുന്നില്ലെന്നുമുള്ള പരാതിയുമായെത്തിയ എൽ.കെ.ജി കുട്ടികളെ കണ്ട് പൊലീസുകാർ ആദ്യം അമ്പരന്നു.
തന്റെ പെൻസിലെടുത്ത സഹപാഠിയോട് അത് തിരികെ തരാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അവൻ തന്നില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. പെൻസിൽ കിട്ടാതായതോടെ കൂട്ടുകാരെയും കൂട്ടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. ഒടുവിൽ പൊലീസ് പരാതിക്കാരനെയും സഹപാഠിയെയും തമ്മിലിരുത്തി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടു. ഒടുവിൽ ഇരുവരെയും കൊണ്ട് പരസ്പരം കൈ കൊടുപ്പിച്ചാണ് തിരിച്ചയച്ചത്.
കുരുന്നുകളുടെ പരാതിയുടെ വീഡിയോ ദൃശ്യങ്ങൾ ആന്ധ്രാപ്രദേശ് പൊലീസ് ട്വിറ്ററിൽ പങ്കുവച്ചത് വൈറലായി. പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ പോലും നീതിക്കായി സ്റ്റേഷനിലെത്തുന്നതിന് പിന്നിൽ ആന്ധ്രപ്രദേശ് പൊലീസിനോടുള്ള വിശ്വാസമാണെന്ന അടിക്കുറുപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചത്.
ഭയപ്പെടാതെ, നീതി ലഭിക്കുമെന്ന ധൈര്യത്തോടെ കുഞ്ഞു കുട്ടികളടക്കം എല്ലാവരും എത്താൻ കഴിയുന്ന തരത്തിൽ പൊലീസ് സ്റ്റേഷനുകൾ മാറിയെന്നും ഇത് ജനങ്ങളോട് കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറാനും സേവനം നൽകുന്നതിനും പ്രചോദനമാണെന്നും ആന്ധ്രാ പൊലീസ് ട്വിറ്ററിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |