SignIn
Kerala Kaumudi Online
Friday, 26 April 2024 5.25 PM IST

കോപ്റ്റർ ദുരന്തത്തിൽ പൊലിഞ്ഞവർക്ക് ആദരാഞ്ജലി: പ്രാർത്ഥനയോടെ വണങ്ങി ഭാരതം

modi

ന്യൂഡൽഹി: ഇന്ത്യയുടെ മാനംകാക്കാൻ നിയുക്തനായ സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 ഓഫീസർമാരുടെയും ഭൗതികശരീരങ്ങളിൽ രാജ്യം പ്രാർത്ഥനയോടെ ഇന്നലെ നമസ്കരിച്ചു. രാത്രി എട്ടിന് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,​ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ മൂന്ന് സേനാ മേധാവിമാർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. വിടവാങ്ങിയവരുടെ കുടുംബാംഗങ്ങളിൽ ഓരോരുത്തരുടെയും മുന്നിൽ തൊഴുകൈയോടെ നമസ്കരിക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യം വികാരനിർഭരമായിരുന്നു. ഇന്ത്യയിലെ 138 കോടിയിൽപ്പരം ജനങ്ങളും ഒരേ മനസ്സോടെ നമസ്കരിക്കുകയായിരുന്നു അപ്പോൾ.

റാവത്തിന്റെയും ഭാര്യയുടെയും ഭൗതിക ദേഹങ്ങൾ ഇന്ന് കാമരാജ് മാർഗിലെ വസതിയിൽ പൊതുദർശനത്തിന് വച്ച ശേഷം ഡൽഹി കന്റോൺമെന്റിലെ ബ്രാർ സ്‌ക്വയർ ശ്‌മശാനത്തിൽ സംസ്‌കരിക്കും. മറ്റുള്ളവരുടേത് തിരിച്ചറിഞ്ഞ ശേഷം അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോകും.

മാനവേന്ദ്ര സിംഗ് സമിതി അദ്ധ്യക്ഷൻ

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും പത്നിയും അടക്കം 13 പേർ മരിച്ച ഹെലികോപ്റ്റർ അപകടത്തിലെ ദുരൂഹത നീക്കാൻ മൂന്ന് സേനകളുടെയും സംയുക്ത സമിതി അന്വേഷണം തുടങ്ങി.

വ്യോമസേനാ ട്രെയിനിംഗ് കമാൻഡ് മേധാവിയും ഹെലികോപ്‌റ്റർ പൈലറ്റുമായ എയർമാർഷൽ മാനവേന്ദ്ര സിംഗ് സമിതിക്ക് നേതൃത്വം നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു. ഉച്ചയ്‌ക്ക് 12.15ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന കോപ്‌റ്ററുമായുള്ള ബന്ധം 12.08ന് ലാൻഡിംഗ് സ്റ്റേഷനിലെ എയർട്രാഫിക് ടവറിന് നഷ്‌ടമായെന്നും രാജ്നാഥ് പറഞ്ഞു.

കോക്ക്പിറ്റ് റെക്കോർഡർ കിട്ടി

ഹെലികോപ്റ്ററിന്റെ ഫ്ളൈറ്റ് ഡേറ്റാ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും ഇന്നലെ അപകടസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇവ വ്യോമസേനയുടെ ഡൽഹിയിലെ ഫ്ളൈറ്റ് സേഫ്ടി ഡയറക്ടറേറ്റ് സുലൂരിലോ ചണ്ഡിഗഡിലെ ലാബിലോ കൊണ്ടുപോയി പരിശോധിക്കുമെന്നാണ് അറിയുന്നത്. കോപ്റ്റർ തകർന്ന അവസാന നിമിഷങ്ങളിൽ എന്തു സംഭവിച്ചു എന്നറിയാൻ ഇവയിലെ വിവരങ്ങൾ നിർണായകമാകും.

മഞ്ഞിൽ മറഞ്ഞ കോപ്റ്റർ

അപകടത്തിന് തൊട്ടുമുൻപ് ചിലർ എടുത്ത വീഡിയയിൽ ഹെലികോപ്ട‌ർ താണു പറക്കുന്നതും മൂടൽമഞ്ഞിൽ അപ്രത്യക്ഷമാകുന്നതും കാണാം. തൊട്ടടുത്ത നിമിഷം വൻ ശബ്ദം കേട്ട് കോപ്‌ടർ വീണതാണോ എന്ന് വീഡിയോയിൽ ഉള്ളവർ ചോദിക്കുന്നുണ്ട്.

അപകടകരമായി താണു പറക്കുമ്പോഴും മരങ്ങളും കുന്നുകളും പോലുള്ള തടസങ്ങൾ മുന്നിലുള്ളപ്പോഴും മുന്നറിയിപ്പ് നൽകുന്ന സംവിധാനം കോപ്റ്ററിൽ ഉണ്ടായിരുന്നു. കോപ്‌ടർ പറത്തിയ സുലൂർ എയർബേസിലെ ഹെലികോപ്ടർ യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസർ കൂടിയായ വിംഗ് കമാൻഡർ പൃഥ്വീ സിംഗ് ചൗഹാന് പിഴവു സംഭവിച്ചോ എന്നും പരിശോധിക്കും. പെട്ടെന്ന് മഞ്ഞിറങ്ങുന്നതും പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞതുമായ പ്രദേശത്ത് കോപ്ടർ പറപ്പിച്ചുള്ള പരിചയവും പ്രധാനമാണ്. കോപ്റ്ററിന് സാങ്കേതിക തകരാറുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.