ന്യൂഡൽഹി: കടിച്ചാൽപൊട്ടാത്ത ഇംഗ്ളീഷ് വാക്കുകളെടുത്ത് അമ്മാനമാടുന്ന കോൺഗ്രസ് നേതാവ് ശശിതരൂർ എം.പി ബി.ജെ.പിക്കെതിരെ പുതിയൊരു വാക്കുമായി രംഗത്തെത്തി.
യു.പിയിലെ ബി.ജെ.പി സർക്കാരിന് 'അലൊഡൊക്സാഫോബിയ" (Allodoxaphobia) ആണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. തല പുകയ്ക്കേണ്ട. ഈ വാക്കിന്റെ അർത്ഥവും അദ്ദേഹം ട്വീറ്റിൽ വിശദമാക്കിയിട്ടുണ്ട്. അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയം.!
'ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ജനങ്ങൾക്കെതിരെ രാജ്യദ്രോഹവും യു.എ.പി.എ കേസുകളും ചുമത്തുന്നത് അവിടത്തെ നേതാക്കൾക്ക് അലൊഡൊക്സാഫോബിയ ബാധിച്ചതിനാലാണെന്നാണ്' തരൂർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഇന്നത്തെ വാക്ക് എന്ന തലക്കെട്ടിലാണിത്. വാക്ക്, അതിന്റെ അർത്ഥം, ഉദാഹരണം എന്നിവയ്ക്ക് പുറമെ, കൂടുതൽ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഗ്രീക്കിൽ ഇങ്ങനെ എഴുതി. 'Allo- വ്യത്യസ്തം, Doxo- അഭിപ്രായം, Phobos-ഭയം'.
ഇതാദ്യമായിട്ടല്ല തരൂർ കടുകട്ടിയുള്ള വാക്കുകൾ ട്വിറ്ററിൽ ഉപയോഗിക്കുന്നത്. 'farrago, troglodyte' തുടങ്ങിയ അപൂർവമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് അദ്ദേഹം ആളുകളെ കുഴപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |