ചെന്നൈ: വിവാഹിതരായ സുഹൃത്തുക്കൾക്ക് 'പൊന്നും വിലയുള്ള' അപ്രതീക്ഷിത സമ്മാനം നൽകി സുഹൃത്തുക്കൾ. സമ്മാനം സ്വീകരിക്കുന്ന നവദമ്പതികളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
ഓരോ ലിറ്റർ പെട്രോളും ഡീസലുമാണ് വിവാഹ സമ്മാനമായി നൽകിയത്. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ചെയ്യുരിൽ ഗിരീഷ് കുമാറിന്റെയും കീർത്തനയുടെയും വിവാഹദിനത്തിലാണ് സുഹൃത്തുക്കൾ ഇന്ധനം നിറച്ച കുപ്പികൾ സമ്മാനമായി നൽകിയത്.
അനുദിനം റോക്കറ്റ് പോലെ കുതിക്കുന്ന വിലക്കയറ്റ കാലത്ത് ദമ്പതികൾക്ക് നൽകാൻ ഇതിലും മികച്ച മറ്റൊരു സമ്മാനമില്ലെന്ന് തോന്നിയതിനെ തുടർന്നായിരുന്നു സഹൃത്തുക്കളുടെ നീക്കം. ലഭിച്ച സമ്മാനം കണ്ട് നവദമ്പതികൾ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് ചിരിയോടെ ഏറ്റുവാങ്ങി.
കഴിഞ്ഞ പതിനാറ് ദിവസത്തിനിടെ തമിഴ്നാട്ടിൽ മാത്രം ഇന്ധനവിലയിൽ പതിനാല് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ചെന്നൈയിൽ വ്യാഴാഴ്ച പെട്രോൾ ലിറ്ററിന് 110.89 രൂപയും ഡീസലിന് 100.98 രൂപയുമാണ് രേഖപ്പെടുത്തി. ഇന്ധനവില വിലവർദ്ധനവിന്റെ പശ്ചാത്തലത്തിൽ 2021ൽ ഗ്യാസ് സിലിണ്ടർ സമ്മാനമായി നൽകിയതും ഉള്ളി വില വർദ്ധിച്ച കാലത്ത് വധൂവരന്മാരെ ഉള്ളിമാല അണിയിച്ചതും വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |