അമരാവതി: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് യുവാവ് മരിച്ചു. അപകടത്തിന് തലേന്നാണ് സ്കൂട്ടർ വാങ്ങിയത്. ഡി.ടി.പി ഓപ്പറേറ്ററായ കൊട്ടകൊണ്ട ശിവകുമാർ (40) ആണ് മരിച്ചത്. ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), ശശി (6) എന്നിവർ ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വാങ്ങിയ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി കിടപ്പുമുറിയിൽ രാത്രി ചാർജ്ജ് ചെയ്യാൻ വച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് കിടപ്പുമുറിക്ക് തീപിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ശിവകുമാർ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് മരിച്ചത്. ഭാര്യ ഹാരതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടിച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് ബോധക്ഷയം സംഭവിച്ചതിനെ തുടർന്നാണ് മക്കളായ ബിന്ദുശ്രീ, ശശി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മൂന്നു ദിവസം മുമ്പ് തെലങ്കാന അതിർത്തിയോട് ചേർന്ന് നിസാമാബാദിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസുകാരൻ കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |