തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാല- നിംസ് മെഡിസിറ്റി എ.പി.ജെ അബ്ദുൾ കലാം പുരസ്കാരം ഇന്ത്യയുടെ മിസൈൽ വുമൺ എന്ന് അറിയപ്പെടുന്ന ഡോ. ടെസി തോമസിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 19 നു രാവിലെ 11 ന് നിംസ് മെഡിസിറ്റിയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും.
ഇന്ത്യയുടെ മിസൈൽ പ്രോജക്ടിന് നേതൃത്വം നൽകുന്ന ആദ്യ വനിതാ ശാസ്ത്രജ്ഞയാണ് ഡി.ആർ.ഡി.ഒ ഡയറക്ടർ ജനറൽ (ഏറോനോട്ടിക്കൽ സിസ്റ്റംസ്) ആയ ടെസി തോമസ്. അഗ്നി മിസൈലുകൾ വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ടെസി തോമസ് രാജ്യാന്തര തലത്തിൽ നിരവധി ബഹുമതികൾക്കും പുരസ്കാരങ്ങൾക്കും അർഹയാണ്. നൂറുൽ ഇസ്ലാം സർവകലാശാലാ ചാൻസലർ ഡോ. എ.പി. മദീദ്ഖാൻ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. പ്രവർത്തന മേഖലയിൽ മികച്ച നേട്ടം കൈവരിക്കുന്ന ഉദ്യോഗസ്ഥർക്കായുള്ള എ.പി.ജെ അവാർഡിന് മുൻ വർഷങ്ങളിൽ അർഹരായത് ആഷിക് കാരാട്ടിൽ, ഡോ. എസ്. സോമനാഥ്, ബിനു ഫ്രാൻസിസ് എന്നിവരാണ്.
ജൂലായ് 19 ന് പുരസ്കാരം സ്വീകരിക്കാൻ നിംസ് മെഡിസിറ്റിയിലെത്തുന്ന ഡോ. ടെസി തോമസുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്ക് സൗകര്യമുണ്ടാകും. ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ പ്രതീക്ഷകളെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് ടെസി മറുപടി നല്കും. രജിസ്ട്രേഷന് 94867 60474 എന്ന ഫോൺ നമ്പരിൽ വിളിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |