SignIn
Kerala Kaumudi Online
Friday, 26 April 2024 3.39 PM IST

ഇന്ത്യയുടെ അധികാരകേന്ദ്രം,​ റെയ്‌‌സീനകുന്നിലെ അഭിമാന മന്ദിരം

president

ന്യൂഡൽഹി: ഇന്ത്യയുടെ അധികാരകേന്ദ്രമാണ് റെയ്‌സീന കുന്ന്. ഇന്ത്യാ ഗേറ്റിൽ നിന്ന് ഒഴുകിയെത്തുന്ന രാജ്പഥ് സമ്മേളിക്കുന്ന വിജയ്ചൗക്കിൽ നിന്ന് ഉയരത്തിലേക്ക് കയറുന്ന റോഡിന്റെ ഇരുവശത്തും പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തരമന്ത്രാലയം, പ്രതിരോധമന്ത്രാലയം, ധനമന്ത്രാലയം തുടങ്ങിയവയുടെ ആസ്ഥാനമായ നോർക്ക് ബ്ളോക്കും സൗത്തും ബ്ളോക്കും. അതും കടന്ന് നേരെ ചെന്നെത്തുക രാജകീയ പ്രൗഢിയോടെ നിറഞ്ഞുനിൽക്കുന്ന വലിയ മന്ദിരത്തിന് മുന്നിലേക്ക്. എച്ച് ആകൃതിയിൽ അസാധാരണമായ ഭാവനയുടെയും വൈദഗ്ദ്ധ്യത്തിന്റെയും നേർചിത്രമായി സ്ഥിതി ചെയ്യുന്ന ഈ മാളികയിൽ നാല് നിലകളിലായി 340 മുറികളും 2.5 കിലോമീറ്റർ ഇടനാഴികളും 190 ഏക്കർ പൂന്തോട്ടവുമുണ്ട്. ഓഡിറ്റോറിയങ്ങൾ, ജീവനക്കാരുടെയും സുരക്ഷാജീവനക്കാരുടെയും ഓഫീസ്, ക്വാർട്ടേഴ്സ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന 330 ഏക്കർ വിസ്തൃതിയുള്ള പ്രസിഡന്റ് എസ്‌റ്റേറ്റിനുള്ളിലാണ് രാഷ്‌ട്രപതി ഭവൻ.

കൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റാൻ തീരുമാനിച്ചതിനെ തുടർന്ന് ബ്രിട്ടീഷുകാർ വൈസ്രോയിക്ക് താമസിക്കാൻ നിർമ്മിച്ച കെട്ടിടമാണ് സ്വാതന്ത്ര്യാനന്തരം രാഷ്‌ട്രപതി ഭവനായത്. ഡൽഹി നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്ന ബ്രിട്ടീഷുകാരനായ സർ എഡ്വിൻ ലൂട്ടിയൻസിന്റെ ഭാവന. ഹെർബർട്ട് ബേക്കറുമായി ചേർന്നുള്ള അദ്ദേഹത്തിന്റെ രൂപകൽപ്പനയിൽ പിറന്നത് ലോകത്തെ മികച്ച വാസ്‌തുശില്പ സമുച്ചയം. ബ്രിട്ടീഷ് അധികാരികളുടെ നിർദ്ദേശത്തിന് വഴങ്ങി തദ്ദേശീയ-മുഗൾ വാസ്‌തുശില്പ രീതികളും സമന്വയിപ്പിച്ചാണ് രാഷ്‌ട്രപതി ഭവൻ പണികഴിപ്പിച്ചത്. കെട്ടിടത്തിന് ഭംഗിയേകാൻ രാജസ്ഥാനിൽ നിന്നുള്ള ചുവപ്പ്, പിങ്ക്, ക്രീം കല്ലുകളും ഉപയോഗിച്ചു. നിർമ്മാണ സാമഗ്രികൾ: 70 കോടി ഇഷ്‌ടികയും 350 ലക്ഷം ക്യുബിക് അടി കല്ലും. ആയിരക്കണക്കിന് തൊഴിലാളികളുടെ കഠിനാധ്വാനത്തിൽ 17 വർഷമെടുത്ത് 1929-ൽ നിർമ്മാണം പൂർത്തിയാക്കിയ 'വൈസ്രോയിയുടെ ഔദ്യോഗിക വസതിക്കു മുകളിൽ 1931ൽ സാമ്രാജ്യത്വ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായ യൂണിയൻ ജാക്ക് ഉയർന്നു പാറി.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ സർക്കാർ ഹൗസ് എന്നറിയപ്പെട്ടു. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ കാലത്താണ് രാഷ്ട്രപതി ഭവനെന്ന പേരു ലഭിച്ചത്. രാഷ്ട്രപതി ഭവന്റെ മധ്യത്തിലുള്ള കൂറ്റൻ താഴികക്കുടത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഹാളിലാണ് 1947ൽ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ പ്രഭു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 1948 ജൂൺ 21-ന് ആദ്യത്തെ ഇന്ത്യൻ ഗവർണർ ജനറലായ സി. രാജഗോപാലാചാരിയും ഇവിടെ സത്യപ്രതിജ്ഞ ചെയ്തു. വൈസ്രോയിയുടെ മുറി താമസിക്കാൻ കഴിയാത്തവിധം രാജകീയമാണെന്ന് കണ്ടെത്തിയ രാജഗോപാലാചാരി, ഇപ്പോൾ രാഷ്ട്രപതിഭവന്റെ ഫാമിലി വിംഗ് എന്ന് വിളിക്കപ്പെടുന്ന ചെറിയ മുറിയിലാണ് താമസിച്ചത്. പിന്നീടത് കീഴ്‌വഴക്കമായി. മുൻ വൈസ്രോയിയുടെ മുറികൾ വിദേശ രാഷ്ട്രത്തലവന്മാർക്കും പ്രതിനിധികൾക്കുമുള്ള അതിഥി മുറികളാക്കി.

ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്‌ത ഡോ. രാജേന്ദ്ര പ്രസാദ് 1950മുതൽ രാഷ്ട്രപതിഭവൻ ഔദ്യോഗിക വസതിയാക്കി. സാഞ്ചിയിലെ ബുദ്ധസ‌്തൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കൂറ്റൻ താഴികക്കുടത്തിന് മുകളിലാണ് ദേശീയ പതാക കെട്ടുന്നത്. കൂറ്റൻ പടവുകൾ കയറിച്ചെല്ലുമ്പോൾ 20 തൂണുകൾ നിരക്കുന്ന വരാന്ത. നവോത്ഥാന കാലഘട്ടത്തിലെ ടസ്കൻ വാസ്തുവിദ്യയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ചതാണ് പൂമുഖം. രാഷ്‌ട്രപതിയുടെ വസതി, ഓഫീസ്, അശോക്‌ ഹാൾ ,ഡർബാർ ഹാൾ, ഔദ്യോഗിക വിരുന്നുകൾക്കുള്ള ബാങ്ക്വറ്റ് ഹാൾ, എന്നിവയ്‌ക്കു പുറമെ മ്യൂസിയവും ഉൾക്കൊള്ളുന്നതാണ് പ്രധാന കെട്ടിടം. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് തുടങ്ങിയവരുടെ സത്യപ്രതിജ്ഞയും പദ്‌മ പുരസ്കാരം, സൈനിക മെഡലുകൾ തുടങ്ങിയവ സമ്മാനിക്കുന്ന ചടങ്ങുകളും ഡർബാർ ഹാളിലാണ്.

വനമേഖല, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ഫലവൃക്ഷങ്ങൾ, ജലാശയങ്ങൾ തുടങ്ങി ജൈവവൈവിധ്യത്താൽ സമ്പന്നമാണ് പ്രസിഡന്റ് എസ്റ്റേറ്റിലെ 330 ഏക്കർ ഭൂമി. മയിൽ, മൈന, ഈജിപ്ഷ്യൻ കഴുകൻ, റെഡ്-നാപ്ഡ് ഐബിസ്, സ്പാനിഷ് സ്പാരോ, ഏഷ്യൻ ബ്രൗൺ ഫ്ലൈക്യാച്ചർ, മലമുഴക്കി വേഴാമ്പൽ തുടങ്ങി 111 ഇനം പക്ഷികളും 160 ഇനങ്ങളിലായി 5000 മരങ്ങളും. റോസാച്ചെടികൾ അടക്കം അപൂർവ്വ പൂച്ചെടികളാൽ സമ്പന്നമായ രാഷ്ട്രപതി ഭവന്റെ പ്രശസ്തമായ മുഗൾ ഗാർഡൻസ് വർഷത്തിലൊരിക്കൽ ജനങ്ങൾക്കായി

തുറന്നു കൊടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RASHTRAPATHI BHAVAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.