SignIn
Kerala Kaumudi Online
Friday, 26 April 2024 11.50 PM IST

 അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് 69 ബൂത്തുകൾ തരൂരിന് കൈമാറിയത് അഡ്രസില്ലാത്ത പട്ടിക  കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി

dd

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയ്ക്കെതിരെ ശശി തരൂർ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി. വോട്ടവകാശമുള്ള 3,000 പേരുടെ മേൽവിലാസമോ ഫോൺ നമ്പരോ പട്ടികയിൽ ചേർത്തിട്ടില്ല. വ്യക്തികളുടെ പൂർണ്ണ വിവരം ലഭ്യമല്ലാതെ എങ്ങനെ വോട്ടഭ്യർത്ഥിക്കുമെന്ന് ശശി തരൂർ ചോദിച്ചു. 9,250 വോട്ടർമാരുള്ള പട്ടികയിൽ 14 പി.സി.സികൾ വോട്ടർമാരുടെ പേര് മാത്രമുള്ള പട്ടികയാണ് ശശി തരൂരിന് കൈമാറിയത്. അതുപോലെ ഫോട്ടോ പതിച്ച വോട്ടർ കാർഡ് നൽകുന്നതിന് പകരം ഭൂരിഭാഗം പേർക്കും ലഭിച്ചത് പേര് മാത്രമുള്ള വോട്ടർ കാർഡാണെന്നും വോട്ടർ കാർഡ് ദുരുപയോഗം ചെയ്യാനുള്ള നീക്കമാണിതെന്നും തരൂരിനെ പിന്തുണയ്ക്കുന്നവർ ആരോപിക്കുന്നു. കേരളത്തിൽ 310 വോട്ടർമാരാണുള്ളത്.

ഭയക്കാതെ വോട്ട് ചെയ്യണമെന്ന് തരൂർ

ഭയക്കാതെ വോട്ട് ചെയ്യണമെന്ന് മുംബയിലെ പ്രചാരണ വേദിയിൽ തരൂർ പറഞ്ഞു. രഹസ്യ ബാലറ്റായതിനാൽ ആർക്ക് വോട്ട് ചെയ്തെന്ന് കണ്ടെത്താനാകില്ലെന്നും ഭയപ്പാട് ഇല്ലാതെ വോട്ട് രേഖപ്പെടുത്തണമെന്നും തരൂർ പറഞ്ഞു. മഹാരാഷ്ട്രയിലെ പല നേതാക്കളും പ്രചാരണ പരിപാടി നടക്കുന്ന സ്ഥലത്തെത്താനുള്ള അസൗകര്യം അറിയിച്ചതായും തരൂർ വ്യക്തമാക്കി. പാർട്ടിയിൽ പരിഷ്കരണ ചിന്തകൾ നടക്കണമെങ്കിൽ തരൂർ അദ്ധ്യക്ഷനാകണമെന്ന് കാർത്തി ചിദംബരം എം.പി പറഞ്ഞു. തരൂരിന് പ്രായോഗികമായ ചിന്താഗതിയും പാർട്ടിക്കുപരിയായ വ്യക്തിത്വവുമുണ്ട്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ അദ്ദേഹത്തിന്റെ നേതൃത്വം കോൺഗ്രസിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്നും കാർത്തി ചിദംബരം ട്വിറ്ററിൽ കുറിച്ചു.

ജോഡോ യാത്ര ക്യാമ്പ് സെന്ററിലും ബൂത്ത്

69 പോളിംഗ് ബൂത്തുകളാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്തും ഭാരത് ജോഡോ യാത്ര ക്യാമ്പ് സെന്ററിലും ഒാരോ ബൂത്ത് ഉണ്ടാകും. കേരളത്തിലും ഒരു ബൂത്ത് മാത്രമാണുള്ളത്. കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടപ്പ് അതോറിട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡൽഹിയിൽ താമസിക്കുന്ന മുതിർന്ന അംഗങ്ങൾക്കുൾപ്പെടെ എ.ഐ.സി.സി ആസ്ഥാനത്ത് സജ്ജീകരിച്ച ബൂത്തിൽ വോട്ട് രേഖപ്പെടുത്താനാകും. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ പേരുള്ളവരാണെങ്കിലും അവർ ഡൽഹിയിലാണെങ്കിൽ തിരഞ്ഞെടുപ്പ് അതോറിട്ടിക്ക് കത്ത് നൽകിയാൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ട് ചെയ്യാനുള്ള ക്രമീകരണം ഏർപ്പെടുത്തും.

ഒക്ടോ. 17 ന് സംസ്ഥാന തലസ്ഥാനങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ തിരഞ്ഞെടുപ്പ് നടക്കും. രഹസ്യ ബാലറ്റിലൂടെയായിരിക്കും തിരഞ്ഞെടുപ്പെന്ന് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ഒക്ടോബർ 19 ന് വോട്ടെണ്ണൽ നടത്തി അന്നുതന്നെ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ഒരു പരാതി മാത്രമാണ് ലഭിച്ചതെന്നും അത് പരിഹരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതിയെക്കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

മുംബയിൽ ഖാർഗെയ്ക്ക് വൻ സ്വീകരണം,

തരൂരിനെ സ്വീകരിക്കാനാളില്ല

അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ശശി തരൂർ മഹാരാഷ്ട്രയിലും ഖാർഗെ ജമ്മു കാശ്മീരിലുമെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുംബയ് പി.സി.സി ഓഫീസിലെത്തിയ തരൂരിനെ സ്വീകരിക്കാൻ നേതാക്കളാരുമെത്തിയില്ല. മുൻ രാജ്യസഭ എം.പി ബാലചന്ദ്ര മുങ്കേക്കറും സുനിൽദത്തിന്റെയും നർഗ്ഗീസിന്റെയും മകളുമായ മുൻ എം.പി പ്രിയ ദത്തും മാത്രമാണ് മഹാരാഷ്ട്രയിൽ ശശി തരൂരിനെ സ്വീകരിക്കാനെത്തിയത്. സ്വീകരണവേദിയിലിരിക്കാതെ സദസ്സിലാണ് തരൂർ ഇരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം മുംബയിലെത്തിയ മല്ലികാർജുൻ ഖാർഗെയെ സ്വീകരിക്കാൻ പി.സി.സി നേതൃത്വം മുഴുവൻ എത്തിയിരുന്നു.

സഹോദരങ്ങൾ തമ്മിലുള്ള പോരാട്ടമെന്ന് ഖാർഗെ

ശശി തരൂരുമായുള്ള മത്സരം പാർട്ടിയുടെയും രാജ്യത്തിന്റെയും ഉന്നമനത്തിനായ് തങ്ങളുടെ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കാനാണെന്ന് മല്ലികാർജുൻ ഖാർഗെ ശ്രീനഗർ പാർട്ടി ഓഫീസിൽ നടന്ന പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ പറഞ്ഞു. ഇത് സംഘടനയുടെ ആഭ്യന്തര വിഷയമാണ്. വഴക്കിടാത്ത സഹോദരന്മാരെപ്പോലെ തങ്ങളുടെ കാഴ്ച്പ്പാടുകൾ പരസ്പരം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ആരുടെമേലും സമ്മർദ്ദമില്ല. തന്നെ പിന്തുണയ്ക്കുന്നവർ സന്തോഷത്തോടെയാണ് അത് ചെയ്യുന്നതെന്ന് ഖാർഗെ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.