ഇംഫാൽ: മണിപ്പൂരിൽ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സർവീസ് പുനരാരംഭിച്ചതിനെ ചൊല്ലി വീണ്ടും സംഘർഷം ഉണ്ടായ കുക്കി മേഖലയിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്. കാങ്‌പോക്പിയിൽ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ബസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും 27 സുരക്ഷാ ഉദ്യോഗസ്ഥർക്ക് അടക്കം നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷം ഉണ്ടായ സ്ഥലങ്ങളിലും സംഘർഷ സാദ്ധ്യത ഉള്ള പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കാഗ്പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്ത് ദേശീയ പാത രണ്ടിൽ സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. മണിപ്പൂരിൽ എല്ലാ മേഖലയിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് കേന്ദ്ര സേനയുടെ സുരക്ഷയോടെ രാവിലെ 10 മുതൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ബസ് സർവീസ് തുടങ്ങിയത്.സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ബസ് തടയുകയും ടയർ കത്തിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളും അക്രമത്തിനിരയായി. റോഡുകൾ കുഴിച്ച് സഞ്ചാര യോഗ്യമല്ലാതാക്കി. റോഡുകൾ ബാരിക്കേഡുകൾ സ്ഥാപിച്ച് ഉപരോധിച്ചു. പ്രതിഷേധക്കാർ സ്‌ഫോടക വസ്തുകൾ എറിഞ്ഞതോടെ സുരക്ഷാ സേന ലാത്തിചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്‌തു.
ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം ഉണ്ടാകുന്നത്. 2023 മേയ് മുതൽ തുടരുന്ന കലാപത്തിൽ 250ലധികം പേർ മരിക്കുകയും 50,000ത്തോളം പേർ കുടിയിറക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |