
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 49.2 ഓവറില്‍ 332 റണ്‍സില്‍ അവസാനിച്ചു. 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി. മുന്‍നിരയുടെ തകര്‍ച്ചയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവാണ് സന്ദര്‍ശകര്‍ കാഴ്ചവച്ചത്. എന്നാല്‍ സമ്മര്‍ദ്ദ നിമിഷങ്ങളെ അതിജീവിച്ച ഇന്ത്യ ജയം റാഞ്ചുകയായിരുന്നു. സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ വെറും 11 റണ്‍സ് മാത്രമായപ്പോള്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 7(15), റയാന്‍ റിക്കിള്‍ടണ്‍ 0(1) ക്വിന്റണ്‍ ഡി കോക്ക് 0(2) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാം വിക്കറ്റില്‍ ടോണി ഡി സോര്‍സി 39(35) - മാത്യു ബ്രീറ്റ്‌സ്‌കി 72(80) എന്നിവരുടെ കൂട്ടുകെട്ടിലൂടെ കരകയറി. സോര്‍സിയെ മടക്കി കുല്‍ദീപ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പകരമെത്തിയ യുവതാരം ഡിവാള്‍ഡ് ബ്രെവിസ് 37(28) റണ്‍സ് നേടി പുറത്തായി.
ഏഴാമനായി എത്തിയ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ജയത്തിന് തൊട്ടരികില്‍ എത്തിച്ചത്. 39 പന്തുകളില്‍ നിന്ന് 70 റണ്‍സ് നേടിയ യാന്‍സനെ കുല്‍ദീപാണ് പുറത്താക്കിയത്. ഇതേ ഓവറില്‍ ബ്രീറ്റ്‌സ്‌കിയെയും കുല്‍ദീപ് മടക്കി. എന്നാല്‍ പിന്നീട് വന്ന കോര്‍ബിന്‍ ബോഷ് 51 പന്തുകളില്‍ നിന്ന് 67 റണ്‍സ് നേടിയെങ്കിലും അവസാന ഓവറില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന് തിരശീല വീഴുകയായിരുന്നു. പ്രെനെലന്‍ സുബ്രയെന്‍, നാന്‍ഡ്രെ ബര്‍ഗര്‍ എന്നിവര്‍ 17 റണ്‍സ് വീതം നേടി.
ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാല് വിക്കറ്റുകളും ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. അര്‍ഷ്ദീപ് സിംഗിന് രണ്ട് വിക്കറ്റുകള്‍ കിട്ടിയപ്പോള്‍ പ്രസീദ്ധ് കൃഷ്ണ ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സ് ആണ് നേടിയത്. സെഞ്ച്വറി നേടിയ വിരാട് കൊഹ്ലി 135 (120), അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 60(56), മുന്‍ നായകന്‍ രോഹിത് ശര്‍മ്മ 57(51) എന്നിവരുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. രവീന്ദ്ര ജഡേജ 20 പന്തുകളില്‍ നിന്ന് 32 റണ്‍സ് നേടി പുറത്തായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |