കൊച്ചി: സൂപ്പർകപ്പിൽ സെമികാണാതെ പുറത്തായതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകൻ ഇഷ്ഫാഖ് അഹമ്മദ് ക്ലബ് വിട്ടു. പരിശീലകനുമായുള്ള കരാർ പരസ്പരധാരണയിൽ അവസാനിപ്പിച്ചതായി ക്ലബ് ഔദ്യോഗികമായി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായിരുന്ന ഇഷ്ഫാഖ് കഴിഞ്ഞ നാല് വർഷം ടീമിന്റെ സഹ പരിശീലകനായി പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുഖ്യ പരിശീലകർ ക്ലബ് വിടുമ്പോൾ ടീമിന്റെ സാരഥ്യം ഏറ്റെടുത്തിരുന്നത് ഈ കശ്മീർ ഫുട്ബാളറായിരുന്നു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ ടെക്നിക്കൽ കമ്മിറ്റി അംഗം കൂടിയാണ് ഇഷ്ഫാഖ് അഹമ്മദ്. ഇഷ്ഫാഖ് ക്ലബ് വിട്ട സാഹചര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ സഹ പരിശീലകനായുള്ള നീക്കം ആരംഭിച്ചു. 2015ൽ കേരള ബ്ലാസ്റ്റേഴ്സിലൂടെയാണ് ഇഷ്ഫാഖ് കോച്ചിംഗ് കരിയർ ആരംഭിക്കുന്നത്. പരിശീലക കുപ്പായം അണിഞ്ഞതിനൊപ്പം ഇഷ്ഫാഖ് ടീമിനായി ബൂട്ട് കെട്ടുകയും ചെയ്തിരുന്നു. വിരമിക്കലിന് ശേഷം 2017ൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ കീഴിൽ ജംഷഡ്പൂരിലേക്ക് സഹപരിശീലകനായി ചേക്കേറി. 2019 ഇഷ്ഫാഖ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് സഹപരിശീലക സ്ഥാനത്തേക്ക് തിരികെയെത്തി. പിന്നാലെയാണ് സഹ പരിശീലകൻ ക്ലബ് വിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |