ഐ.എസ്.എല്ലിൽ ഇന്ന് ബെംഗളുരു എഫ്.സി Vs മുംബയ് സിറ്റി രണ്ടാം പാദ സെമി
ആദ്യ പാദ സെമിയിൽ ബെംഗളുരു 1-0ത്തിന് ജയിച്ചിരുന്നു
ബെംഗളുരു : പ്ളേ ഓഫിൽ കേരള ബ്ളാസ്റ്റേഴ്സിനെ വിവാദ ഗോളിൽ തോൽപ്പിച്ച് സെമിയിലെത്തിയിരുന്ന ബെംഗളുരു എഫ്.സിക്ക് ഇക്കുറി ഫൈനലിൽ കളിക്കാനും ഭാഗ്യമുണ്ടോ എന്ന് ഇന്നറിയാം. മുൻ ചാമ്പ്യന്മാരായ മുംബയ് സിറ്റി എഫ്.സിയും ബെംഗളുരു എഫ്.സിയും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനൽ ഇന്ന് ബെംഗളുരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. മുംബയ്യിൽ നടന്ന ആദ്യ പാദത്തിൽ ബെംഗളുരു 1-0ത്തിന് ജയിച്ചിരുന്നതിനാൽ മുൻതൂക്കം അവർക്ക് തന്നെയാണ്. എങ്കിലും മുംബയ്ക്കാർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഗ്രൂപ്പ് റൗണ്ടിൽ 20 മത്സരങ്ങളിൽ 14 ജയം നേടി 46 പോയിന്റുമായി ഒന്നാമതെത്തിയിരുന്ന ടീമാണ് മുംബയ് സിറ്റി. തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന അവർ പക്ഷേ ആദ്യ പാദ സെമിയടക്കം കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തോറ്റവരാണ്. ഇതിൽ രണ്ടെണ്ണം ബെംഗളുരുവിന് എതിരെയായിരുന്നു. ഒന്ന് പട്ടികയിൽ ഒമ്പതാം സ്ഥാനക്കാരായ ഇൗസ്റ്റ് ബംഗാളിനെതിരെയും.
മറുവശത്ത് മികച്ച ഫോമിലാണ് ബെംഗളുരു എഫ്.സി. കഴിഞ്ഞ 10 മത്സരങ്ങളിൽ തുടർച്ചയായി വിജയം നേടിയാണ് സുനിൽ ഛെത്രിയും സംഘവും മുന്നേറിയത്. ഒരു ഘട്ടത്തിൽ പ്ളേ ഓഫിലേക്ക് എത്തുമോ എന്ന് സന്ദേഹിച്ചിരുന്നിടത്തുനിന്ന് മുൻനിരയിലുണ്ടായിരുന്നവരെയൊക്കെ തോൽപ്പിച്ച് ബെംഗളുരു പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി ബ്ളാസ്റ്റേഴ്സിനും മുകളിൽ ഫിനിഷ് ചെയ്യുകയായിരുന്നു.
7.30 pm മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |