പ്രീ ക്വാർട്ടറിൽ കൊക്കോ ഗോഫിനെ അട്ടിമറിച്ച് എമ്മ നവാരോ
ന്യൂയോർക്ക് : യു.എസ് ഓപ്പണിൽ മുൻനിര താരങ്ങൾ അടിതെറ്റി വീഴുന്നത് തുടർക്കഥയാകുന്നു. നിലവിലെ വനിതാ സിംഗിൾസ് ചാമ്പ്യൻ അമേരിക്കയുടെ കൊക്കോ ഗൗഫാണ് ഏറ്റവുമൊടുവിൽ അട്ടിമറിക്കപ്പെട്ടത്. സ്വന്തം നാട്ടുകാരിയും 12-ാം റാങ്ക് താരവുമായ എമ്മ നവാരോയാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കൊക്കോയെ കീഴടക്കിയത്. സ്കോർ : 6-3,4-6,6-3.
രണ്ട് മണിക്കൂറും 12 മിനിട്ടുമാണ് മത്സരം നീണ്ടത്. ആദ്യ സെറ്റ് അപ്രതീക്ഷിതമായി കൈവിട്ടുപോയെങ്കിലും രണ്ടാം സെറ്റിൽ 20കാരിയായ കൊക്കോ ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാൽ മൂന്നാം സെറ്റിൽ എമ്മയുടെ മികച്ച സർവുകൾക്കും റിട്ടേണുകൾക്കും മുന്നിൽ പിടിച്ചുനിൽക്കാൻ നിലവിലെ ചാമ്പ്യന് കഴിഞ്ഞില്ല.19 ഡബിൾ ഫോൾട്ടുകളും 60 അൺഫോഴ്സ്ഡ് എററുകളുമാണ് കൊക്കോയ്ക്ക് തിരിച്ചടിയായത്. 2014ൽ സെറീന വില്യംസിന് ശേഷം യു.എസ് ഓപ്പൺ ചാമ്പ്യനാകുന്ന ആദ്യ അമേരിക്കൻ വനിതയാണ് കൊക്കോ. പുരുഷ വിഭാഗത്തിൽ നൊവാക്ക് ജോക്കോവിച്ച്, കാർലോസ് അൽക്കാരസ് തുടങ്ങിയവരും ഇക്കുറി പ്രീ ക്വാർട്ടറിന് മുമ്പ് അട്ടിമറിക്കപ്പെട്ടിരുന്നു.
അതേസമയം രണ്ടാം സീഡ് അര്യാന സബലേങ്ക, ഏഴാം സീഡ് ക്വിൻവെൻ ഷെംഗ്,26-ാം സീഡ് പൗളോ ബഡോസ എന്നിവർ വനിതാ വിഭാഗം ക്വാർട്ടറിലെത്തി. സബലേങ്ക പ്രീ ക്വാർട്ടറിൽ 6-2,6-4ന് എലേന മെർട്ടൻസിനെയാണ് കീഴടക്കിയത്. പുരുഷ വിഭാഗത്തിൽ ടെയ്ലർ ഫ്രിറ്റ്സ്,ഗ്രിഗോർ ഡിമിത്രോവ്, ഫ്രാൻസെസ് ടിയാഫോ എന്നിവർ ക്വാർട്ടറിലേക്ക് കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |