ഇന്ത്യ- ബംഗ്ളാദേശ് രണ്ടാം ട്വന്റി-20 ഇന്ന് ഡൽഹിയിൽ
ഇന്നും ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തം
ന്യൂഡൽഹി : ബംഗ്ളാദേശിനെതിരായ രണ്ടാം ട്വന്റി-20യിലും വിജയം ആവർത്തിച്ച് മൂന്ന് മത്സരപരമ്പര സ്വന്തമാക്കാൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലിറങ്ങുന്നു. ഗ്വാളിയോറിൽ നടന്ന ആദ്യ മത്സരത്തിൽ 49 പന്തുകൾ ബാക്കിനിൽക്കേ ഏഴുവിക്കറ്റിന് വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ടെസ്റ്റ് പരമ്പരയിൽ അമ്പേ പരാജയപ്പെട്ട ബംഗ്ളാദേശ് ഇന്ത്യൻ മണ്ണിൽ ഒരു കളിയെങ്കിലും ജയിച്ചുമടങ്ങണമെന്ന ആഗ്രഹത്തിലും.
ലോകകപ്പിന് ശേഷം യുവതാരങ്ങൾക്ക് പരമാവധി അവസരം നൽകി അടുത്ത ലോകകപ്പ് ലക്ഷ്യമിട്ടുള്ള ടീമിനെ വാർത്തെടുക്കുന്നതിനാണ് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ ഈ പരമ്പരയെ ഉപയോഗിക്കുന്നത്. ഗ്വാളിയോറിൽ ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ആദ്യം ബാറ്റ് ചെയ്യാൻ വിളിച്ച് 19.5 ഓവറിൽ 127 റൺസിന് ആൾഔട്ടാക്കിയശേഷം 11.5 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ആദ്യ മത്സരത്തിൽ കളിച്ച മിക്ക താരങ്ങളും അവരുടെ കഴിവിന്റെ പരമാവധി പുറത്തെടുത്തിരുന്നു. അതിനാൽ തന്നെ ഇതേ പ്ളേയിംഗ് ഇലവനെത്തന്നെ ഇന്നും നിയോഗിക്കാനാകും ഇന്ത്യയുടെ തീരുമാനം.
ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത ബാറ്റിംഗ് നിരയാണ് ബംഗ്ളാദേശിന്റെ പ്രശ്നം. ഷാക്കിബ്, ഷാന്റോ,ലിട്ടൺ ദാസ്,മഹ്മൂദുള്ള തുടങ്ങിയ പരിചയസമ്പന്നരുണ്ടെങ്കിലും സ്കോർ ഉയർത്താൻ കഴിയുന്നില്ല.ടാസ്കിൻ അഹമ്മദ്, മുസ്താഫിസുൽ റഹ്മാൻ,ഷൊരിയുൽ ഇസ്ളാം ,മെഹ്‌ദി ഹസൻ തുടങ്ങിയ ബൗളർമാരും നിലവാരത്തിലേക്ക് ഉയരുന്നില്ല എന്നതാണ് നായകൻ ഷാന്റോയുടെ മസമാധാനം കളയുന്നത്.
ബാറ്റിംഗ് പിച്ച്
ഗ്വാളിയോറിനെ അപേക്ഷിച്ച് ബാറ്റിംഗിന് കൂടുതൽ സഹായകരമാകുന്ന പിച്ചായിരിക്കും ഡൽഹിയിലേത്. കൂറ്റൻ സ്കോറുകൾ പിറക്കാൻ സാദ്ധ്യതയുണ്ട്.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),സഞ്ജു സാംസൺ, അഭിഷേക് ശർമ്മ,ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ,റിങ്കു സിംഗ്, അർഷ്ദീപ് സിംഗ്,മയാങ്ക് യാദവ്,വരുൺ ചക്രവർത്തി,രവി ബിഷ്ണോയ്,ഹർഷിത് റാണ,ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി,റിയാൻ പരാഗ്,ജിതേഷ് ശർമ്മ.
ബംഗ്ളാദേശ് : നജ്മുൽ ഹൊസൈൻ ഷാന്റോ(ക്യാപ്ടൻ),ലിട്ടൺ ദാസ്,തൻസീദ് ഹസൻ,ജാക്കർ അലി,പർവേസ് ഹൊസൈൻ,തൗഹീദ് ഹൃദോയ്,മഹ്മൂദുള്ള,മെഹ്ദി ഹസൻ മിറാസ്, മഹേദി, മുസ്താഫിസുർ.ഷൊറിയുൽ,ടാസ്കിൻ,റക്കീബുൽ ഹസൻ, റിഷാദ്,തൻസീം.
ഗ്വാളിയോറിലെ വീരന്മാർ
ഗ്വാളിയോറിൽ നടന്ന ആദ്യ ട്വന്റി-20യിൽ ബാറ്റിംഗിലും ബൗളിംഗിലും അവസരം ലഭിച്ച ഇന്ത്യൻ താരങ്ങളൊക്കെയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒറ്റയാൾ പ്രകടനങ്ങൾക്കപ്പുറത്ത് ടീം വർക്കിന്റെ ഗുണവും ഈ മത്സരത്തിൽ പ്രകടമായിരുന്നു. ഗ്വാളിയോറിലെ പ്രധാനതാരങ്ങളുടെ പ്രകടനം ഇങ്ങനെ
സഞ്ജു സാംസൺ
ലങ്കൻ പര്യടനത്തിൽ നിരാശപ്പെടുത്തിയിരുന്ന സഞ്ജു ഓപ്പണായി ഇറങ്ങി 19 പന്തുകളിൽ ആറുഫോറടക്കം നേടിയത് 29 റൺസ്. ടീമിന്റെ വിജയമുറപ്പിച്ച ശേഷമാണ് പുറത്തായത്.
സൂര്യകുമാർ യാദവ്
നായകന്റെ പ്രകടനം പുറത്തെടുത്ത സൂര്യ 14 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 29 റൺസടിച്ച് ടീമിന്റെ ചേസിംഗ് താളം സെറ്റ് ചെയ്ത് സഹതാരങ്ങൾക്ക് മാതൃകയായി.
ഹാർദിക് പാണ്ഡ്യ
ബൗളിംഗിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്ന ഹാർദിക് ബാറ്റിംഗിനിറങ്ങി തകർപ്പൻ ഷോട്ടുകളിലൂടെ കാണികളുടെ കയ്യടിവാങ്ങി 16 പന്തുകളിൽ അഞ്ചുഫോറും രണ്ട് സിക്സും പായിച്ച് 39 റൺസുമായി ടീമിനെ വിജയത്തിലെത്തിച്ചു.
അർഷ്ദീപ് സിംഗ്
ആദ്യ സപെല്ലിൽതന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബംഗ്ളാദേശിന്റെ നട്ടെല്ലൊടിച്ച അർഷ്ദീപ് 3.5 ഓവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു റൺഒൗട്ടിലും പങ്കാളിയായി.
വരുൺ ചക്രവർത്തി
മൂന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ സ്പിന്നർ വരുൺ ചക്രവർത്തി നാലോവറിൽ 31 റൺസ് വഴങ്ങി സ്വന്തമാക്കിയത് മൂന്ന് വിക്കറ്റുകൾ.
മയാങ്ക് യാദവ്
ആദ്യ ഓവർതന്നെ മെയ്ഡനാക്കി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറിയ മയാങ്ക് നാലോവറിൽ 21 റൺസ് വഴങ്ങി ഒരുവിക്കറ്റ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |