ഹെൽസിങ്കി: നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് വീണ്ടും വിജയവഴിയിൽ. കഴിഞ്ഞ ദിവസം ബി ഗ്രൂപ്പ് 2ലെ മത്സരത്തിൽ ഇംഗ്ലണ്ട് 3-1ന് ഫിൻലൻഡിനെ കീഴടക്കി. ജാക്ക് ഗ്രീലിഷ്, അലക്സാണ്ടർ അർനോൾഡ്, ഡെക്ലാൻ റൈസ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്കോറർമാർ. അർട്ടു ഹോസ്കോണൻ ഫിൻലൻഡിന്റെ ആശ്വാസ ഗോൾ നേടി. കഴിഞ്ഞ മത്സരത്തിൽ ഗ്രീസിനോട് തോറ്റ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി ഈ ജയം.
മറ്റൊരു മത്സരത്തിൽ ഓസ്ട്രിയ 5-1ന് നോർവേയെ തരിപ്പണമാക്കി. മാർക്കോ അർണൗട്ടോവിക്ക് പെനാൽറ്റിയിൽ നിന്നുൾപ്പെടെ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ ഫിലിപ്പ് ലീൻഹാർട്ട്, സ്റ്റെഫാൻ പോസ്‌ക്, മിഖായേൽ ഗ്രിഗോറിഷ് എന്നിവർ ഓരോ ഗോൾ വീതം ഓസ്ട്രിയക്കായി നേടി. അലക്സാണ്ടർ സോർലോത്താണ് നോർവെയ്ക്കായി ഒരു ഗോൾ മടക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |