ഫ്‌ളോറിഡ: അർജന്റീനയ്ക്ക് വേണ്ടി ഹാട്രിക്ക് നേടിയതിന് പിന്നാലെ ക്ലബ്ബ് ഫുട്‌ബാളിലും ഹാട്രിക്കുമായി സൂപ്പർതാരം ലയണൽ മെസി. മേജർ സോക്കർ ലീഗിൽ ന്യൂ ഇംഗ്ലണ്ടിനെതിരേ ഇന്റർ മയാമിക്ക് വേണ്ടിയാണ് അർജന്റീനാ നായകൻ മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തിൽ രണ്ടിനെതിരേ ആറ് ഗോളുകൾക്ക് മയാമി വിജയിച്ചു. പകരക്കാരനായി ഇറങ്ങിയാണ് മെസിയുടെ ഹാട്രിക്ക് നേട്ടം.
രണ്ടുഗോളുകൾക്ക് പിന്നിൽനിന്നശേഷമാണ് മയാമി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നത്. രണ്ടാം മിനിട്ടിൽ ലൂക്ക ലങ്കോണി, 34-ാം മിനിട്ടിൽ ഡൈലാൻ ബൊറേറോ എന്നിവരുടെ ഗോളുകളാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാൽ 40,43 മിനിട്ടുകളിൽ വലകുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 58-ാം മിനിട്ടിൽ ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഇന്റർ മയാമി ലീഡുമെടുത്തു. പിന്നാലെ മെസി പകരക്കാരനായി കളത്തിലിറങ്ങിയതോടെ മയാമിയുടെ ആക്രമണങ്ങൾക്ക് മൂർച്ച കൂടി. 78-ാം മിനിട്ടിലാണ് മെസി മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടിയത്. മൂന്ന് മിനിട്ടുകൾക്കകം വീണ്ടും വലകുലുക്കിയ താരം 89-ാം മിനിട്ടിലാണ് ഹാട്രിക്ക് പൂർത്തിയാക്കിയത്. പതിനൊന്ന് മിനിട്ടിനിടെയാണ് താരം മൂന്നുതവണ ലക്ഷ്യം കണ്ടത്.
ഈ ജയത്തോടെ ഒരു എം.എൽ.എസ് സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീമെന്ന റെക്കാഡ് മയാമി സ്വന്തമാക്കി . 34 മത്സരങ്ങളിൽ നിന്നായി 74 പോയിന്റാണ് ഇന്റർ മയാമിക്കുള്ളത്. കഴിഞ്ഞ ദിവസം സപ്പോർട്ടേഴ്സ് ഷീൽഡ് സ്വന്തമാക്കിയതോടെ ഫിഫ ക്ളബ് ലോകകപ്പിനും മയാമി യോഗ്യതനേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |