മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുള്ള റെക്കാഡുകൾ പഴങ്കഥയായി
തിരുവനന്തപുരം: മഴയിൽ കുതിർന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ 100 മീറ്റർ പോരാട്ടങ്ങളിൽ മിന്നൽ വേഗത്തിൽ കൗമാര കേരളം കുതിച്ചു പാഞ്ഞപ്പോൾ കടപുഴകിയത് സംസ്ഥാന സ്കൂൾ കായികമേളയിലെ മൂന്നരപതിറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് റെക്കാഡുകൾ,
ജൂനിയർ ആൺകുട്ടികളിൽ ആലപ്പുഴയുടെ അതുൽ ടി.എം 10.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത് മൈലം ജി.വി രാജയിലെ രാം കുമാർ 1988ൽ സ്ഥാപിച്ച റെക്കാഡ് പഴങ്കഥയാക്കി പൊന്നണിഞ്ഞു. 37 വർഷത്തിന് മുൻപ് താൻ സ്ഥാപിച്ച റെക്കാഡ് തിരുത്തപ്പെടുന്നതിന് സാക്ഷിയായി രാം കുമാറും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഫിനിഷിംഗ് പോയിന്റിലുണ്ടായിരുന്നു. ഗവ.ഡി.വി.എച്ച്.എസ്.എസ് ചാരമംഗലത്തിന്റെ താരമാണ് അതുൽ. അതുലിന് സമ്മാനവും നൽകിയാണ് രാംകുമാർ മടങ്ങിയത്.
കോട്ടയത്തിന്റെ മുരുക്കും വയൽ ഗവ.വി.എച്ച്.എസ്.എസിലെ ശ്രീഹരി സി ബിനുവിനാണ് ഈ വിഭാഗത്തിൽ വെള്ളി (11.00 സെക്കൻഡ്). തൃശൂരിന്റെ കുന്നംകുളം ഗവ.വി.എച്ച്.എസ്.എസ് ഫോർ ബോയ്‌സിലെ ജിയോ ഐസക് സെബാസ്റ്റ്യൻ 11.18 സെക്കൻഡ് വെങ്കലം നേടി.
സബ് ജൂനിയർ പെൺകുട്ടികളിൽ ഇടുക്കി കാൽവരിമൗണ്ട് സി.എച്ച്.എസിലെ ദേവപ്രിയ ഷിബു 12.69 സെക്കൻഡിൽ പൊന്നിലേക്ക് കുതിച്ചെത്തി മറികടന്ന് 38 വർഷം പഴക്കമുള്ള റെക്കാഡാണ്. 1987 ജി.വി.എച്ച്.എസ്.എസ് കണ്ണൂരിലെ സിന്ധു മാത്യു സ്ഥാപിച്ച 12.70 സെക്കൻഡിന്റെ റെക്കാഡാണ് ദേവപ്രിയ മാറ്റിയെഴുതിയത്. ബി.ഇ.എം എച്ച്.എസ്.എസ് പാലക്കാടിന്റെ അൻവി എസ് (12.79 സെക്കൻഡ്) വെള്ളിയും തൃശൂരിന്റെ അഭിനന്ദന രാജേഷ് (13.48 സെക്കൻഡ്) വെങ്കലവും സ്വന്തമാക്കി.
നിവേദ്കൃഷ്ണ വേഗരാജാവ്
സീനിയർ ആൺകുട്ടികളിൽ 10.79 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത് പാലക്കാടിന്റെ ജെ .നിവേദ് കൃഷ്ണ മീറ്റിലെ വേഗമേറിയ താരമായി. ജി.എച്ച്.എസ്,എസ് ചിറ്റൂരിലെ വിദ്യാർത്ഥിയാണ്. ഈ വിഭാഗത്തിൽ മലപ്പുറത്തിനാണ് വെള്ളിയും വെങ്കലവും. തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ ഫസലുൾ ഹഖ് സി.കെ ( 10.88 സെക്കൻഡ്)വെള്ളിയും ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശ്ശേരിയിലെ അഭിഷേക് വി (10.98 സെക്കൻഡ്) വെങ്കലവും നേടി.
സീനിയർ പെൺകുട്ടികളിൽ 12.11 സെക്കൻഡിൽ ഫിനിഷ് ചെയ്ത മലപ്പുറം തിരുനാവായ എച്ച്.എസ്.എസിലെ ആദിത്യ അജി വേഗമേറിയ പെൺതാരമായി. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്‌കൂളിലെ ജ്യോതി ഉപാധ്യായ (12.26 സെക്കൻഡ്) വെള്ളിയും തിരുവനന്തപുരം സായിയിലെ അനന്നയ സുരേഷ്( 12.42 സെക്കൻഡ്) വെങ്കലവും നേടി.
ജൂനിയർ പെൺകുട്ടികളിൽ കോഴിക്കോട് പുല്ലൂരാംപാറ സെന്റ്.ജോസഫ്സ് എച്ച്.എസിലെ ദേവനന്ദ (12.45 മീറ്റർ ) സ്വർണം സ്വന്തമാക്കി. തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂളിലെ നന്ദന എ (12.46 സെക്കൻഡ്) വെള്ളിയും കണ്ണൂർ സായ് തലശേരിയിലെ മിഥുന ടി.പി (12.52 സെക്കൻഡ്) വെങ്കലവും നേടി.
വാരണാസി വിസ്‌മയം
സബ്‌ജൂനിയർ ആൺകുട്ടികളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ സഞ്ജയ് 11.97 സെക്കൻഡിൽ പൊന്നണിഞ്ഞു. ഉത്തർപ്രദേശിലെ വാരണാസി സ്വദേശിയാണ് സഞ്ജയ്. ഒരു വർഷം മുൻപ് എച്ച്.ആർ. ഡി. എസ് എന്ന ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടന വഴിയാണ് സഞ്ജയ് കേരളത്തിൽ എത്തുന്നത്. സഞ്ജയ്‌യുടെ പിതാവ് പരസും അമ്മ മഞ്ജുവും കർഷകരാണ്. യു.എ.ഇയിലെ ശിവാനിക് ജോഷ്വാ (12.17.2 സെക്കൻഡ്) വെള്ളിയും തിരുനാവായ നാവാമുകുന്ദയിലെ നീരജ് (12.17.4 സെക്കൻഡ് ) വെങ്കലവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |