ആർച്ചറി മിക്സഡിൽ ദീപികയും പ്രവീണും ക്വാർട്ടറിൽ കാലിടറി വീണു
ടോക്യോ :ആർച്ചറി മിക്സഡ് ഇവന്റിന്റെ ക്വാർട്ടർ ഫൈനലിൽ കാലിടറി വീണ് ഇന്ത്യയുടെ ദീപിക കുമാരി– പ്രവീൺ യാദവ് സഖ്യം.ദക്ഷിണ കൊറിയൻ സഖ്യമായ ആൻ സാനും കിം ജെ ഡിയോംഗും ചേർന്ന് 6-2നാണ് അവസാന നിമിഷം ഒത്തുചേർന്ന ഇന്ത്യൻ സഖ്യത്തെ കീഴടക്കിയത്. ദക്ഷിണ കൊറിയ സെമിയിൽ മെക്സിക്കോയെയും ഫൈനലിൽ ഹോളണ്ടിനെയും തോൽപ്പിച്ച് സ്വർണവും നേടി.
പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്പേയിയുടെ ചി ചുൻ താങ്– ചിയ യേൻ സഖ്യത്തിനെയാണ് ദീപികയും പ്രവീണും ചേർന്ന് കീഴടക്കിയത്. ആദ്യ സെറ്റ് കൈവിട്ടശേഷം 5–3നായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം
മിക്സഡ് ഇനത്തിൽ ദീപിക ഭർത്താവായ അതാനു ദാസിനൊപ്പം മത്സരിക്കുമെന്നാണു കരുതപ്പെട്ടിരുന്നതെങ്കിലും റാങ്കിംഗ് റൗണ്ടിലെ പ്രകടനത്തിൽ പ്രവീൺ അതാനുവിനെ മറികടന്നതോടെ ദീപികയുടെ പങ്കാളിയായി പ്രവീണിനെ ആർച്ചറി അസോസിയേഷൻ നിശ്ചയിക്കുകയായിരുന്നു. ഇതോടെ ഒളിമ്പിക്സിൽ ഒരേയിനത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ദമ്പതികൾ എന്ന ചരിത്രം കുറിക്കാനുള്ള അവസരം ദകപികയ്ക്കും അതാനുവിനും നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |