തിരുവനന്തപുരം : ക്രൊയേഷ്യയുടെ പ്രതിരോധതാരം മാർക്കോ ലെസ്കോവിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ക്രൊയേഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ ജി.എൻ.കെ ഡൈനാമോ സാഗ്രെബിൽ നിന്നാണ് ലെസ്കോവിച്ചിനെ ബ്ലാസ്റ്റേഴ്സ് റാഞ്ചിയത്. ക്രൊയേഷ്യയുടെ ദേശീയ ടീം അംഗമായ താരം 2014-ൽ അര്‍ജന്റീനയ്ക്കെതിരായ മത്സരത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
30 കാരനായ ലെസ്കോവിച്ച് ക്രൊയേഷ്യൻ ലീഗിൽ 150 ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എൻ.കെ ഓഷ്യെക്ക് ക്ലബ്ബിൽ കരിയർ തുടങ്ങിയ താരം ടീമിനായി 35 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ശേഷം എച്ച്.എൻ.കെ റിയേക്കയിലേക്ക് ചേക്കേറി. റിയേക്കയ്ക്ക് വേണ്ടി യൂറോപ്പ ലീഗിൽ ഉൾപ്പടെ 41 മത്സരങ്ങളിൽ പന്തുതട്ടി.
2016ലാണ് ലെസ്കോവിച്ച് ഡൈനാമോ സാഗ്രെബിലെത്തിയത്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം ലെഫ്റ്റ് ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറുടെ റോളിലും കളിക്കാറുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ടീമിലെത്തിക്കുന്ന ആറാമത്തെ വിദേശ താരമാണ് ലെസ്കോവിച്ച്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |