SignIn
Kerala Kaumudi Online
Friday, 26 April 2024 1.30 PM IST

മുമ്പേ മുങ്ങിയ മുംബയ് കപ്പൽ

mumbai-indians

മുംബയ് : ഈ സീസൺ ഐ.പി.എല്ലിൽ ഏറ്റവും ദാരുണമായ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് മുംബയ് ഇന്ത്യൻസ്. ഏറ്റവും കൂടുതൽ തവണ കിരീടം നേടിയിട്ടുള്ള മുംബയ് ഇത്തവണ കളിച്ച എട്ടാമത്തെ മത്സരത്തിലും തോൽവി ഏറ്റുവാങ്ങി. ഐ.പി.എൽ ചരിത്രത്തിൽതന്നെ ആദ്യമായാണ് മുംബയ് ഇന്ത്യൻസിനെ ഇങ്ങനെയൊരു വിധി വേട്ടയാടുന്നത്. സാധാരണ തുടക്കത്തിലെ ചില മത്സരങ്ങൾ തോൽക്കുമെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന് കിരീ‌‌‌ടം നേടുന്നതാണ് രോഹിത് ശർമ്മയുടെയും കൂട്ടരുടെയും രീതി. എന്നാൽ ഇത്തവണ ഇനിയൊരു തിരിച്ചുവരവിന് സാദ്ധ്യതയില്ളാത്ത രീതിയിൽ അംബാനിയുടെ ടീമിന്റെ വഴി അടഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റ്സാണ് മുൻ ചാമ്പ്യന്മാർമാരെ തോൽപ്പിച്ച് നാണം കെടുത്തിയത്.

എട്ടുനിലയിൽ പൊട്ടിയ പടമായി രോഹിതിന്റെ സംഘം മാറുമ്പോൾ പോരാടി തോറ്റുവെന്ന് പറയാവുന്നത് തന്നെ മൂന്നോ നാലോ മത്സരങ്ങളിൽ മാത്രമായിരുന്നു.മൂർച്ചപോയ ബൗളിംഗ് നിരയും മികച്ച സ്കോർ നേടാനോ ചേസ് ചെയ്യാനോ കഴിയാത്ത ബാറ്റിംഗ് നിരയുമാണ് മുംബയ്ക്ക് വിനയായിരിക്കുന്നത്. മാച്ച് വിന്നർമാരായ രോഹിത് ശർമ്മ,കെയ്റോൺ പൊള്ളാഡ്,ഇഷാൻ കിഷൻ തുടങ്ങിയവരൊക്കെ ഇപ്പോഴും ടീമിലുണ്ട്. എന്നാൽ അവരുടെ പഴയ ഫോമിന്റെ നിഴലുപോലുമല്ല എന്നതാണ് യാഥാർത്ഥ്യം. മുംബയ് ഇന്ത്യൻസിന്റെ തോൽവികൾക്ക് പിന്നിലുള്ള വിവിധ കാരണങ്ങളെക്കുറിച്ച്...

1. ലേലത്തിലേ പാളി

ഈ സീസണിലേക്ക് നടന്ന മെഗാതാരലേലത്തിലെ അശ്രദ്ധയാണ് മുംബയ്ക്ക് തിരിച്ചടിയായതെന്ന് കരുതുന്നവരുണ്ട്. വൻ തുകയുമായി ഒന്നോ രണ്ടോ താരങ്ങൾക്ക് പിന്നാലെ പോയിടത്താണ് അംബാനിമാർക്ക് പിഴച്ചത്. 15.5 കോടി ഇഷാൻ കിഷനുവേണ്ടിമാത്രം മുടക്കിയ മുംബയ് ആ തുകകൊണ്ട് ടീമിന് ആവശ്യമായ രണ്ടോ മൂന്നോ കളിക്കാരെ സ്വന്തമാക്കിയിരുന്നെങ്കിൽ ടീം സെറ്റായേനെ എന്ന് വിദഗ്ധർ പറയുന്നു. സൺറൈസേഴ്സ് ഹൈദരാബാദിന്റെ ലേല സ്ട്രാറ്റജിയുടെ വിജയമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

2. താരങ്ങളുണ്ട്,ഫോമില്ല

രോഹിത് ശർമ്മ,സൂര്യകുമാർ യാദവ്,ഇഷാൻ കിഷൻ,പൊള്ളാഡ് എന്നിവരൊക്കെ ഇപ്പോഴും മുംബയ് ബാറ്റിംഗ് നിരയിലുണ്ട്.എന്നാൽ ടീമിന് ഉപകാരപ്പെ‌ുന്ന രീതിയിൽ ബാറ്റുചെയ്യാൻ ഇവർക്കാർക്കും കഴിയുന്നില്ല. ബൗളിംഗിൽ ജസ്‌പ്രീത് ബുംറ ഉൾപ്പടെയുള്ളവരുടെ സ്ഥിതിയും ഇതൊക്കെതന്നെ. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 271റൺസ് നേടിയ തിലക് വർമ്മയും ആറ് ഇന്നിംഗ്സുകളിൽ നിന്ന് 239 റൺസടിച്ച സൂര്യകുമാർ യാദവുമാണ് ബാറ്റിംഗിൽ അൽപ്പമെങ്കിലും ഭേദം.

3. ആവിയായ ടീം സ്പിരിറ്റ്

ഇത്തവണ മുംബയ് ഇന്ത്യൻസിന് 11 വ്യക്തികളാണ് കളത്തിലിറങ്ങുന്നത്,ഒരു ടീമെന്ന നിലയിലെ ഒത്തിണക്കത്തിന്റെ അഭാവം അവരിൽ നിഴലിക്കുന്നു എന്ന പരാതി വ്യാപകമാണ്. മുംബയ്‌യുടെ മുൻകാല വിജയങ്ങളുടെ അടിസ്ഥാനം ടീം സ്പിരിറ്റായിരുന്നു. അതാണ് ഇക്കുറി അപ്രത്യക്ഷമായത്.

4. വൻ തോൽവിയായി ഇഷാൻ

ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായി എത്തിയ ഇഷാൻ കിഷൻ തീർത്തും നിറംമങ്ങിയത് വലിയ വിമർശനത്തിനാണ് ഇടവരുത്തിയിരിക്കുന്നത്. ആദ്യ കളിയിൽ 81 റൺസുമായി ടോപ്‌സ്‌കോററായി. പക്ഷേ പിന്നീട് ഏഴു കളികളിൽ ആകെ നേടിയത് 118 റൺസാണ്. ഞായറാഴ്ച ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങി ടീമിനെ സമ്മർദത്തിലാക്കിയതും കിഷന്റെ ഇന്നിംഗ്സാണ്. 20 പന്ത് നേരിട്ട് ആകെ നേടിയത് എട്ട് റൺസ്. പന്ത് ബാറ്റിൽ കൊള്ളിക്കാനും സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറാനും ബുദ്ധിമുട്ടി. ചെന്നൈക്കെതിരെ നേരിട്ട ആദ്യ പന്തിൽ ബൗൾഡായിരുന്നു.

5.ഹിറ്റ്മാനും ഫ്ളോപ്പാകുമ്പോൾ

ക്യാപ്ടനെന്ന നിലയിലെ രോഹിതിന്റെ പെരുമയ്ക്ക് വൻ തിരിച്ചടിയാണ് ഈ സീസൺ. ടീമിന് ഉത്തേജനം പകരാൻ ഒരുഘട്ടത്തിലും കഴിയുന്നില്ല. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് ആകെ നേടിയത് 153 റൺസ്. പ്രതിസന്ധി ഘട്ടങ്ങളിൽ സീനിയർ താരങ്ങളുടെ പിന്തുണയും കിട്ടുന്നില്ല. ഇന്ത്യൻ ടീമിന്റെ ക്യാപ്‌ടനും വൈസ് ക്യാപ്ടനും അണിനിരക്കുന്ന ടീമിനാണ് ഈ ഗതികേട്.

സ്വാഭാവിക ശൈലിയിൽ കളിക്കാനുള്ള സ്വാതന്ത്ര്യം ഇഷാൻ കിഷന് കൊടുത്തു. എന്നാൽ നാലഞ്ച് കളികളിലായി അതിനൊത്ത പ്രകടനമല്ല ഉണ്ടായത്. കഴിഞ്ഞ കളിയിൽ രോഹിത് നന്നായി ബാറ്റ് ചെയ്യുമ്പോഴും കിഷൻ റൺ നേടാൻ ബുദ്ധിമുട്ടി. ഇതല്ല ഇഷാൻ കിഷനിൽ നിന്ന് ടീം പ്രതീക്ഷിക്കുന്നത്. - മഹേല ജയവർദ്ധനെ, മുംബയ് ഇന്ത്യൻസ് കോച്ച്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, MUMBAI INDIANS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.