രണ്ടാം ഏകദിനം ഇന്ന് ലോഡ്സിൽ, ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
ലോഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിർണായകമായ രണ്ടാമത്തെ മത്സരം ഇന്ന് ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോഡ്സിൽ നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 5.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ പത്ത് വിക്കറ്റിന്റെ ഗംഭീര ജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാൽ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര സ്വന്തമാക്കാം. അതേസമയം ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ ഒപ്പമെത്താനുള്ള കഠിന ശ്രമത്തിലാണ് ഇംഗ്ലണ്ട്. ട്വന്റി-20 പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് ഏകദിന പരമ്പര കൈവിടാതിരിക്കുക എന്നത് അഭിമാന പ്രശ്നമാണ്.
കൈയകലെ പരമ്പര
ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പരിക്കിന്റെ പിടിയിലായ വിരാട് കൊഹ്ലി ഇന്നും കളിക്കാൻ സാധ്യത കുറവാണ്. അർഷദീപിനും കളിക്കാനായേക്കില്ല. കഴിഞ്ഞ മത്സരത്തിൽ ജയിച്ച ഇലവനെ തന്നെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത.
സാധ്യതാ ടീം: രോഹിത്, ധാവാൻ, ശ്രേയസ്, സൂര്യ, പന്ത്,ഹാർദ്ദിക്,ജഡേജ,ഷമി,ബുംറ,പ്രസിദ്ധ്,ചഹൽ.
ജോസേട്ടന് ജയിക്കണം
ഇംഗ്ലീഷ് പരിമിത ഓവർ ടീമുകളുടെ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം വെടിക്കെട്ട് വീരൻ ജോസ് ബട്ട്ലർക്ക് കാര്യങ്ങൾ അത്ര പന്തിയല്ല. ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പര നഷ്ടവും തോൽവികളും ബാറ്റിംഗിലെ പിഴവുകളും അദ്ദേഹത്തേയും ടീമിനേയും സമ്മർദ്ദത്തിലാക്കുന്നു. ക്രെയ്ഗ് ഓവർട്ടണ് പകരം സാം കറൻ കളിച്ചേക്കും.
സാധ്യതാ ടീം: ബട്ട്ലർ,റോയ്, റൂട്ട്,ബെയർസ്റ്റോ,സ്റ്റോക്സ്,ലിവിംഗ്സ്റ്റൺ,മോയിൻ,വില്ലി, ഓവർട്ടൺ/സാം,കാർസ്,ടോപ്ലെ.
ബുംറ പിന്നേം ഫസ്റ്റ്
ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ കടപുഴക്കിയ ബൗളിംഗിന്റെ പിൻബലത്തിൽ ജസ്പ്രീത് ബുംറ ഏകദിനത്തിൽ ബൗളർമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. ഫെബ്രുവരിയിൽ തന്നെ മറികടന്ന് ഒന്നാമതെത്തിയ ട്രെൻഡ് ബൗൾട്ടിനെ ബുംറ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. ഷമി മൂന്ന് സ്ഥാനം മുകളിലോട്ട് കയറി ഇരുപത്തിമൂന്നാമതെത്തി. ഭുവനേശ്വർ കുമാറും ഇതേ സ്ഥാനത്താണ്. ബാറ്റർമാരിൽ നാലാം സ്ഥാത്തുള്ള രോഹിത് ശർമ്മയും മൂന്നാം സ്ഥാനത്തുള്ള വിരാട് കൊഹ്ലിയും തമ്മിൽ ഒരു റേറ്റിംഗ് പോയിന്റിന്റെ വ്യത്യാസമേയുള്ളൂ. പാകിസ്ഥാന്റെ ബാബർ അസമാണ് ഒന്നാമത്. ഇംഗ്ലണ്ടിനെതിരായ വമ്പൻ ജയത്തോടെ ഇന്ത്യ റാങ്കിംഗിൽ പാകിസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡാണ് ഒന്നാമത്.
ട്വന്റി-20യിൽ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ സെഞ്ച്വറിയുടെ ചിറകിലേറി 44 സ്ഥാനം മുകളിലോട്ട് കയറി കരിയർ ബെസ്റ്റ് അഞ്ചാം സ്ഥാനത്തെത്തി.ബൗളർമാരിൽ ഭുവനേശ്വർ കുമാർ കരിയറിലെ ഏറ്റവും മികച്ച റാങ്കായ ഏഴിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |