തിരുവനന്തപുരം: ഈ മാസം 28 മുതൽ തമിഴ്നാട്ടിലെ മഹാബലിപുരത്താരംഭിക്കുന്ന ഫിഡെ ലോക ചെസ് ഒളിമ്പ്യാഡിനു മുന്നോടിയായുള്ള ദീപശിഖാ റാലിക്ക് തിരുവനന്തപുരത്ത് ആവേശോജ്വലമായ സ്വീകരണം നൽകി. ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടി ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. ഗ്രാൻഡ് മാസ്റ്റർ വിഷ്ണു പ്രസന്നയിൽ നിന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത് ഖോസ ദീപശിഖ ഏറ്റുവാങ്ങി മന്ത്രി ആന്റണി രാജുവിനു കൈമാറി.
സംസ്ഥാന കായിക യുവജനകാര്യ ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, നെഹ്റു യുവകേന്ദ്ര ഡയറക്ടര്‍ കെ. കുഞ്ഞഹമ്മദ്, നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ ബി. അലി സബ്രിൻ, സായ് എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ജി. കിഷോർ, നാഷണൽ സർവീസ് സ്കീം റീജിണൽ ഡയറക്ടർ ജി.ശ്രീധർ, ചെസ് അസോസിയേഷൻ കേരള പ്രസിഡന്റ് രാജേഷ്.ആർ ചെസ് അസോസിയേഷൻ കേരള ജോയിന്റ് ഡയറക്ടർ രാജേന്ദ്രൻ ആചാരി, ചെസ് താരം ഗൗതം കൃഷ്ണ തുടങ്ങിയവരും തലസ്ഥാനത്തെ വിവിധ കൊളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളും ചെസ് താരങ്ങളും പരിശീലകരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിനു ശേഷം സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ വിഷ്ണു പ്രസന്ന ശ്രീ ശ്രീ രവിശങ്കർ സ്കൂളിലെ 20 ചെസ് വിദ്യാർത്ഥികളുമായി ഒരേ സമയംഏറ്റുമുട്ടി. ഈ മാസം 27ന് റാലി ചെന്നൈയിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |