SignIn
Kerala Kaumudi Online
Sunday, 28 April 2024 9.03 AM IST

വിലയ്ക്ക് വാങ്ങിയ വിലക്ക്

aiff
aiff

അധികാരക്കസേരയ്ക്ക് വേണ്ടിയുള്ള ആർത്തിയാണ് ഇന്ത്യൻ ഫുട്ബാളിനെ ഫിഫ വിലക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ തലപ്പത്ത് വർഷങ്ങങ്ങളായി തുടരുന്നവർ കസേര വിട്ടുകൊടുക്കാൻ തയ്യാറാവാത്തതോടെ സുപ്രീം കോടതി ഇടപെട്ടെങ്കിലും ഫിഫ കടുത്ത നടപടിയിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച ഇതേക്കുറിച്ച് ഫിഫ താക്കീത് നൽകിയിരുന്നു.

വർഷങ്ങളായി എ.ഐ.എഫ്.എഫ് തലവനായി തുടരുന്ന മുൻ കേന്ദ്രമന്ത്രിയും എൻ.സി.പി നേതാവുമായ പ്രഫുൽ പട്ടേൽ തുടരുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ മാസം 18നകം പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് നടത്താൻ താത്കാലിക ഭരണസമിതിയെയും നിശ്ചയിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി അനിൽ ആർ.ദാവെ, മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ എസ്.വൈ.ഖുറേഷി, ഇന്ത്യൻ ഫുട്ബാൾ ടീം മുൻ ക്യാപ്ടൻ ഭാസ്‌കർ ഗാംഗുലി എന്നിവരടങ്ങുന്നതാണ് സമിതി. ഇവർ വോട്ടർപട്ടിക തയ്യാറാക്കി വരവേയാണ് ഫിഫ ഇടപെടലുണ്ടായത്.

ദിവസങ്ങൾക്ക് മുമ്പ് പ്രഫുൽ പട്ടേലിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് എ.ഐ.ഐ.എഫ് താത്കാലിക സമിതി സുപ്രീം കോടതിയിൽ ഹർജി നല്‍കിയിരുന്നു. പ്രഫുൽ പട്ടേൽ, ഡൽഹി ഫുട്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ഷാജി പ്രഭാകരൻ എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരേയാണ് ഹർജി ഫയൽ ചെയ്തതത്. സുപ്രീം കോടതി രൂപീകരിച്ച താത്കാലിക ഭരണസമിതിയുടെ പ്രവർത്തനം പ്രഫുൽ പട്ടേൽ തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു ഹർജി.

വിലക്ക് പട്ടേലിന്റെ പണി

ഇന്ത്യയ്ക്ക് വിലക്ക് വന്നതിന് പിന്നിൽ പ്രഫുൽ പട്ടേലിന്റെ കുതന്ത്രമാണെന്നും സൂചനകളുണ്ട്. തന്നെ പുറത്താക്കി ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് മേൽനോട്ടത്തിന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ പ്രഫുൽ പട്ടേൽ സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുടെ യോഗം വിളിച്ച് ചേർത്തിരുന്നു. ഈ യോഗത്തിൽ കോടതി ഇടപെടലിനെതിരെ ഫിഫയ്ക്ക് പരാതി അയയ്ക്കാൻ പട്ടേൽ നിർദ്ദേശം നൽകിയിരുന്നു എന്ന് സൂചനയുണ്ട്. പ്രഫുൽ പട്ടേലിന്റെ ഇടപെടൽ കാരണം ലോകകപ്പ് നടത്താനുള്ള തീരുമാനത്തിൽ ഫിഫ അറിയിച്ചിരുന്നുവെന്ന് സമിതി അന്നുതന്നെ ആരോപിച്ചിരുന്നു. ഈ ആരോപണം ശരിവെയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടി

നഷ്ടം ലോകകപ്പ് മാത്രമല്ല

പുതിയ പ്രതീക്ഷകളുമായി വളർച്ചയുടെ പടവുകൾ കയറിയിരുന്ന ഇന്ത്യൻ ഫുട്‌ബാളിനെ തീർത്തും തളർത്തുന്നതാണ് ഈ വിലക്ക്.അതിൽ ഏറ്റവും പ്രധാനം ഒക്ടോബർ 11 മുതൽ 30 വരെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാലോക കപ്പിന്റെ വേദി നഷ്ടമാകലാണ്. 2020ൽ നടക്കേണ്ട ലോകകപ്പ് കൊവിഡിനെത്തുടർന്ന് മാറ്റിവച്ചിരുന്നതാണ്. എല്ലാ സന്നാഹങ്ങളും ഒരുക്കി ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് ഫിഫ രംഗത്തെത്തിയത്.

അണ്ടർ 17 വനിതാ ലോകകപ്പിന് മാത്രമല്ല വിലക്ക്. ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക്‌ ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ല. ജൂനിയർ -സീനിയർ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും ഈ വിലക്ക് ബാധകമാണ്. ഈ തീരുമാനം വന്നതോടെ എ.എഫ്.സി കപ്പ്, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എന്നീ വലിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ പുരുഷ ടീമിന് സാധിക്കില്ല. വനിതാ ടീമിന് എ.എഫ്.സി വിമൻ ക്ലബ്ബ് ചാമ്പ്യൻഷിപ്പും നഷ്ടമാകും. എന്നാൽ ഇന്ത്യയുടെ ആഭ്യന്തര ടൂർണമെന്റുകളായ ഐ.എസ്.എൽ,ഐ ലീഗ് തുടങ്ങിയവയ്ക്ക് വിലക്ക് ബാധകമല്ല. എന്നാൽ ഈ ടൂർണമെന്റുകളിൽ വിജയിക്കുന്ന ക്ലബ്ബുകൾക്ക് അന്താരാഷ്ട്ര തലത്തിലെ മത്സരങ്ങളിൽ പങ്കെടുക്കാനാവില്ല. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സൗഹൃദമത്സരങ്ങളിലും ഇന്ത്യയ്ക്ക് കളിക്കാൻ സാധിക്കില്ല.

കേസ് ഇന്ന് കോടതിയിൽ

ഫിഫയുടെ വിലക്ക് വന്നതിന്റെ പശ്ചാത്തലത്തിൽ എ.ഐ.എഫ്.എഫുമായി ബന്ധപ്പെട്ട കേസിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഫിഫ കത്തയച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഇന്നാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും ഇത് ആദ്യ വിഷയമായി പരിഗണിക്കാൻ ശ്രമിക്കുമെന്നും ബെഞ്ച് സോളിസിറ്റർ ജനറലിനെ അറിയിച്ചിട്ടുണ്ട്.

85 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എ.ഐ.എഫ്.എഫിനെ ഫിഫ വിലക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AIFF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.