അവസാന പന്തിൽ പാകിസ്ഥാനെ ഒരു റണ്ണിന് അട്ടിമറിച്ച് സിംബാബ്വെ
പെർത്ത് : ആദ്യ മത്സരത്തിൽ ഇന്ത്യയോട് അവസാന പന്തിൽ തോറ്റിരുന്ന പാകിസ്ഥാൻ ഇന്നലെ ദുർബലരായ സിംബാബ്വെയോടും ലാസ്റ്റ് ബാളിൽ തോറ്റു. പെർത്തിൽ ഒരു റണ്ണിനാണ് സിംബാബ്വെ വിജയം നേടിയത്. വിജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരുന്ന ലാസ്റ്റ് ബാളിൽ രണ്ടാം റണ്ണിനോടി ഷഹീൻ ഷാ അഫ്രീദി റൺഒൗട്ടായതോടെയാണ് പാകിസ്ഥാന് പിന്നെയും പണികിട്ടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ 130/8 എന്ന സ്കോറിൽ ഒതുക്കിയ പാകിസ്ഥാന് മറുപടി ബാറ്റിംഗിൽ 129/8ലെത്താനേ കഴിഞ്ഞുള്ളൂ.സീൻ വില്യംസ്(31),ക്രെയ്ഗ് ഇവാൻസ് (19),ബ്രാഡ് ഇവാൻസ് (19) എന്നിവരുടെ പോരാട്ടമാണ് സിംബാബ്വെയെ 130ലെത്തിച്ചത്. പാകിസ്ഥാനായി വാസിം നാലുവിക്കറ്റും ഷദാബ് മൂന്ന് വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ പാകിസ്ഥാന് വേണ്ടി ഷാൻ മസൂദ് 44 റൺസുമായി പൊരുതിയെങ്കിലും പിന്തുണയ്ക്കാൻ ആളുണ്ടായില്ല. 15 ഓവറിൽ 94/6 എന്ന നിലയിലായിരുന്ന പാകിസ്ഥാനെ നവാസും (22) വാസിമും (12*) ചേർന്ന് മുന്നോട്ടുനയിച്ചെങ്കിലും ജയിക്കാൻ മൂന്ന് റൺസ് വേണ്ടിയിരുന്ന 20-ാം ഓവറിന്റെ അഞ്ചാം പന്തിൽ നവാസ് പുറത്തായത് പാകിസ്ഥാന്റെ താളം തെറ്റിച്ചു. അടുത്തപന്തിൽ രണ്ടാം റൺസിനോടി അഫ്രീദി റൺഒൗട്ടാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |