മെൽബൺ : മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് ആസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ നടന്ന പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയൻ താരം അലക്സ് ഡി മിനേയുറിനെ കീഴടക്കിയാണ് നൊവാക്ക് അവസാന എട്ടിലേക്ക് കടന്നത്. 6-2,6-1,6-2 എന്ന സ്കോറിനായിരുന്നു നൊവാക്കിന്റെ ജയം. ആദ്യ മത്സരങ്ങളിൽ പരിക്കിന്റെ പിടിയിലായിരുന്ന നൊവാക്ക് പ്രീ ക്വാർട്ടറിൽ വലിയ ശാരീരികപ്രശ്നങ്ങൾ അലട്ടാതെയാണ് മത്സരം പൂർത്തിയാക്കിയത്.
പുരുഷ സിംഗിൾസിൽ റഷ്യൻ താരം ആന്ദ്രേ റൂബലേവും ക്വാർട്ടറിലെത്തി. പ്രീ ക്വാർട്ടറിൽ ഡെനമാർക്കിന്റെ ഹോൾഗർ റൂണെയെ6-3,3-6,6-3,4-6,7-6ന് തോൽപ്പിച്ചാണ് റൂബലേവ് മുന്നേറിയത്. വനിതാ സിംഗിൾസിൽ ബെലറൂസിന്റെ അര്യാന സബലേങ്ക, പോളണ്ടിന്റെ മഗ്ദ ലിന്നെറ്റ് എന്നിവരും ക്വാർട്ടറിലെത്തി. സബലേങ്ക നേരിട്ടുള്ള സെറ്റുകൾക്ക് ബെലിൻഡ ബെൻസിച്ചിനെ കീഴടക്കിയപ്പോൾ 45-ാം റാങ്കുകാരിയായ ലിന്നെറ്റ് നാലാം റാങ്കുകാരിയായ കരോളിൻ ഗാർഷ്യയെ അട്ടിമറിക്കുകയായിരുന്നു.
സാനിയ -ബൊപ്പണ്ണ
സഖ്യം ക്വാർട്ടറിൽ
മികസഡ് ഡബിൾസ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ സാനിയ മിർസ - രോഹൻ ബൊപ്പണ്ണ സഖ്യം വിജയം നേടി ക്വാർട്ടറിലെത്തി. ജപ്പാന്റെ മക്കോട്ടോ നിനോമിയ-ഉറുഗ്വേയുടെ ഏരിയൽ ബഹർ സഖ്യത്തെ 6-4,7-6നാണ് സാനിയ സഖ്യം തോൽപ്പിച്ചത്. ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ വേഗ ഹെർണാണ്ടസ് -ജെലന ഒസ്റ്റാപെങ്കോ സഖ്യത്തെയാണ് സാനിയയും രോഹനും നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |