SignIn
Kerala Kaumudi Online
Sunday, 28 April 2024 3.39 PM IST

പൊട്ടിത്തെറിക്കാനൊരുങ്ങി കൊളംബിയൻ ഭീകരൻ

volcano

ബോഗോട്ട : 38 വർഷങ്ങൾക്ക് മുമ്പ് 25,000 പേരുടെ ജീവനെടുത്ത കൊളംബിയയിലെ നെവാഡോ ഡെൽ റ്വിസ് അഗ്നിപർവതം വീണ്ടും സജീവമായി. പസഫിക് റിംഗ് ഒഫ് ഫയർ മേഖലയിൽ ഉൾപ്പെടുന്ന നെവാഡോയിൽ സീസ്മിക് പ്രവർത്തനങ്ങൾ ഉയർന്ന തോതിൽ നടക്കുന്നതായും ആഴ്ചകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്ന് നിർദ്ദേശിച്ച അധികൃതർ മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ നെവാഡോയിൽ ഓറഞ്ച് അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പടിഞ്ഞാറൻ കൊളംബിയയിൽ 17,400 അടി ഉയരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന നെവാഡോ അഗ്നിപർവതം 1985 നവംബർ 13നാണ് അവസാനമായി ശക്തമായി പൊട്ടിത്തെറിച്ചത്.

കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു ഇത്. 20ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനങ്ങളിൽ ഒന്ന് കൂടിയായിരുന്നു അത്. സ്ഫോടനത്തിന് പിന്നാലെ നെവാഡോയ്ക്കും ചുറ്റുമുള്ള പർവത മേഖലകളിലുമുണ്ടായിരുന്ന മഞ്ഞ് ഉരുകുകയും ഇത് ശക്തമായ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു. നെവാഡോയോട് ചേർന്നുള്ള അർമെറോ നഗരം തകർന്നടിഞ്ഞു. ഏകദേശം 50,​000ത്തോളം പേർ ജീവിച്ച അർമെറോയിലെ പകുതിയോളം പേരും ദാരുണമായി മരിച്ചു.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രാറ്റോ വോൾക്കേനോകളിൽ ഒന്ന് കൂടിയാണ് ടോലിമ, കാൽഡാസ് പ്രവിശ്യകൾക്കിടെയിൽ സ്ഥിതി ചെയ്യുന്ന നെവാഡോ. 1883ൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച ക്രാകത്തോവ, എ.ഡി 79ൽ റോമൻ നഗരങ്ങളായ പോംപെയ്, ഹെ‌ർകുലേനിയം എന്നിവയെ തകർത്തെറിഞ്ഞ വെസൂവിയസ് എന്നിവ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ട്രാറ്റോ വോൾക്കേനോ സ്ഫോടനങ്ങളാണ്.

അഗ്നിപർവതങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭീകരനാണ് വെസൂവിയസ്. ഇപ്പോൾ ഏകദേശം നിദ്രയിലാണെങ്കിലും ഏത് നിമിഷവും ഒരു ഉഗ്ര സ്ഫോടനം ഉണ്ടായേക്കാം. വെസൂവിയസിൽ അതിശക്തമായ സ്ഫോടനമുണ്ടായാൽ അത് ഏകദേശം രണ്ട് ദശലക്ഷം ജനങ്ങളെ അത് ബാധിക്കുമെന്നാണ് കരുതുന്നത്. 1944ലാണ് 4,203 അടി ഉയരമുള്ള വെസൂവിയസ് അവസാനമായി പൊട്ടിത്തെറിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.