ബ്യൂണസ് ഐറിസ്: പ്രായം 60. കണ്ടാൽ 30കാരി. അർജന്റീനക്കാരിയായ അലെഹാൻഡ്ര മരീസ റോഡ്രിഗ്വസ് എന്ന അഭിഭാഷകയെ പറ്റിയാണ് പറയുന്നത്. അർജന്റീനയിൽ ബ്യൂണസ് ഐറിസ് പ്രവിശ്യയിൽ നടന്ന ' മിസ് യൂണിവേഴ്സ് ബ്യൂണസ് ഐറിസ്' സൗന്ദര്യ മത്സരത്തിലെ വിജയി ആണ് പ്രായത്തെ തോൽപ്പിച്ച ഈ 60കാരി. സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പ്രായമുള്ള വനിത ഈ നേട്ടം സ്വന്തമാക്കുന്നത്. മിസ് യൂണിവേഴ്സ് 2024ൽ അർജന്റീനയെ പ്രതിനിധീകരിക്കുന്ന സുന്ദരിയെ കണ്ടെത്താനുള്ള മത്സരത്തിൽ അലെഹാൻഡ്ര ഇനി മാറ്റുരയ്ക്കും. മേയ് 25നാണ് മത്സരം. വിജയിച്ചാൽ മിസ് യൂണിവേഴ്സ് വേദിയിൽ അലെഹാൻഡ്ര ചരിത്രംകുറിയ്ക്കും. തന്റെ ആത്മവിശ്വാസം തന്റെ തലമുറയിലെ മറ്റ് സ്ത്രീകൾക്കും പ്രചോദനമാകുമെന്ന് മാദ്ധ്യമ പ്രവർത്തക കൂടിയായ അലെഹാൻഡ്ര പറയുന്നു. സെപ്റ്റംബറിൽ നടക്കുന്ന മിസ് യൂണിവേഴ്സ് 2024ന് മെക്സിക്കോ വേദിയാകും.
ആഴ്ചയിൽ മൂന്ന് തവണ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ഉയർന്ന നിലവാരത്തിലെ സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങൾ തുടങ്ങിയവയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് വിവാഹ മോചിതയായ അലെഹാൻഡ്ര പറയുന്നു.
പ്രായം പ്രശ്നമല്ല
മിസ് യൂണിവേഴ്സിൽ മാറ്റുരയ്ക്കാൻ പ്രായം പ്രശ്നമല്ല. കഴിഞ്ഞ വർഷം സെപ്തംബറിലാണ് മത്സരിക്കാനുള്ള ഉയർന്ന പ്രായപരിധി നീക്കിയെന്ന ചരിത്ര പ്രഖ്യാപനം മിസ് യൂണിവേഴ്സ് നടത്തിയത്. പതിനെട്ടും അതിന് മുകളിലും പ്രായമുള്ള ഏത് സ്ത്രീകൾക്കും മത്സരിക്കാം. ഇക്കൊല്ലം മുതൽ നടപ്പാക്കും. ഇതുവരെ 28 വയസായിരുന്നു മിസ് യൂണിവേഴ്സിൽ മത്സരിക്കാനുള്ള ഉയർന്ന പ്രായപരിധി. വിവാഹിതരെയും അമ്മമാരെയും മത്സരിക്കാൻ അനുവദിച്ച് കൊണ്ടുള്ള മാറ്റം മിസ് യൂണിവേഴ്സ് മുമ്പ് നടപ്പാക്കിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |