ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ലെന്ന് ഇന്നലെ ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ലിയുടെ 79-ാം സെഷനെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്റെ നടപടികൾക്ക് തീർച്ചയായും അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി.
പാകിസ്ഥാൻ ജനങ്ങൾക്കിടെയിൽ തീവ്രവാദം വളർത്തുമ്പോൾ, ഭീകരവാദത്തിന്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തിൽ മാത്രമേ അവരുടെ ജി.ഡി.പിയെ അളക്കാൻ സാധിക്കൂ. മറ്റുള്ളവർക്കെതിരെ വളർത്തിയ തിന്മകൾ ഇന്ന് അവരുടെ സ്വന്തം സമൂഹത്തെ തന്നെ നശിപ്പിക്കുന്നതാണ് നാം കാണുന്നത്." പാകിസ്ഥാൻ മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന പ്രവർത്തനക്ഷമമല്ലാത്ത രാഷ്ട്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്ഥാൻ നിയമവിരുദ്ധമായി കൈയ്യടക്കിയ ഇന്ത്യൻ പ്രദേശം വിട്ടുനൽകുകയും തീവ്രവാദത്തോടുള്ള ദീർഘകാല ബന്ധം ഉപേക്ഷിക്കുകയും ചെയ്‌താൽ മാത്രമേ ഇരുരാജ്യങ്ങൾക്കുമിടെയിലെ പ്രശ്‌നം പരിഹരിക്കപ്പെടൂവെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. കാശ്‌മീരിനെ പറ്റി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം യു.എന്നിൽ നടത്തിയത് വിചിത്ര വാദങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാശ്മീരിൽ ഹിതപരിശോധന വേണമെന്നും ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ഷെഹ്ബാസ് ഉന്നയിച്ചിരുന്നു. എന്നാൽ അതിർത്തി കടന്നുള്ള ഭീകരവാദം അയൽരാജ്യങ്ങൾക്കെതിരെ ആയുധമായി പ്രയോഗിക്കുന്ന പാകിസ്ഥാന്റെ പരാമർശങ്ങൾ തികച്ചും കാപട്യമാണെന്ന് ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ പ്രതികരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |