വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഡയറക്ട് ടു സെൽ സേവനങ്ങൾ നൽകാൻ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മിഷന്റെ (എഫ്.സി.സി) അനുമതി. യു.എസിലെ മുൻനിര ടെലികോം കമ്പനിയായ ടി-മൊബൈലുമായി ചേർന്നാണ് സ്റ്റാർലിങ്ക് ഡയറക്ട് ടു സെൽ കവറേജ് നൽകുക. ഹെലൻ ചുഴലിക്കാറ്റ് ദുരന്തം വിതച്ച നോർത്ത് കരോലൈനയിൽ സേവനം എത്തിക്കാനാണ് എഫ്.സി.സി അനുമതി നൽകിയത്.
കൊടുങ്കാറ്റിനെ തുടർന്ന് മേഖലയിലെ ടെലികോം നെറ്റ് വർക്കുകൾ തകരാറിലായ സാഹചര്യത്തിൽ നൽകിയ പ്രത്യേക അനുമതി മാത്രമാണിത്.
കൊടുങ്കാറ്റിൽ നോർത്ത് കരോലിനയിലെ 74 ശതമാനം ടവറുകളും തകരാറിലായതായി സ്റ്റാർലിങ്ക് പറയുന്നു. അടിയന്തര സന്ദേശങ്ങൾ ഫോണിലെത്തിക്കുന്നതിനായി നോർത്ത് കരോലിനയിലെ എല്ലാ നെറ്റ് വർക്കിലും ഉപഗ്രഹ കണക്ടിവിറ്റി ഇതിനകം ലഭ്യമാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
ഉപഗ്രഹങ്ങളിൽ നിന്ന് നേരിട്ട് മൊബൈൽ കണക്ടിവിറ്റി എത്തിക്കാനാകുന്നതോടെ ഉൾനാടൻ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മൊബൈൽ ടവറുകളുടേയും മറ്റ് ടെലികോം ശൃംഖലയുടെയും പിന്തുണയില്ലാതെ നേരിട്ട് മൊബൈൽ ഫോണിൽ നിന്ന് ഫോൺ വിളിക്കാനും സന്ദേശങ്ങൾ അയക്കാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |