മകൻ മൊജ്തബാ ഹുസൈനി പിൻഗാമി?
ടെൽ അവീവ്: ഇസ്രയേലിനെതിരെ സൈനിക നീക്കങ്ങൾക്ക് ഇറാൻ തയ്യാറെടുക്കുന്ന നിർണായക ഘട്ടത്തിൽ, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി (85) ഗുരുതര നിലയിലാണെന്ന് റിപ്പോർട്ട്. അദ്ദേഹം മരിച്ചെന്നും രണ്ടാമത്തെ മകൻ സയ്യദ് മൊജ്തബാ ഹുസൈനി ഖമനേയിയെ ( 55) പിൻഗാമിയായി ഇറാൻ സൈന്യം പ്രഖ്യാപിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ഖമനേയി ഗുരുതര രോഗ ബാധിതനാണെന്നാണ് റിപ്പോർട്ട്. ഖമനേയിയെയും ഇസ്രയേൽ വധിക്കുമെന്ന ഭീതിയിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ശനിയാഴ്ച ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖമനേയി എക്സിൽ ഹീബ്രുഭാഷയിൽ തുറന്ന അക്കൗണ്ടിലൂടെ, ഇസ്രയേലിന് ഇറാന്റെ കരുത്ത് കാട്ടിക്കൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ ആദ്യത്തെ പരമോന്നത നേതാവായ അയത്തൊള്ള റൂഹൊള്ള ഖോമേനിയുടെ മരണത്തെ തുടർന്ന് 1989ലാണ് അലി ഹോസൈനി ഖമനേയി പദവിയിൽ എത്തിയത്. ഇസ്ലാമിക വിപ്ലവത്തിൽ
ഖൊമേനിയോടൊപ്പം നിർണായക പങ്കാളിയായി.
പശ്ചിമേഷ്യയിൽ എറ്റവും കൂടുതൽ കാലമായി തുടരുന്ന രാഷ്‌ട്രത്തലവനാണ് ഖമനേയി. 35കൊല്ലം നീണ്ട ഭരണാധികാരം. എട്ട് വർഷം (1981 - 89) ഇറാന്റെ മൂന്നാം പ്രസിഡന്റുമായിരുന്നു . ഇറാനിലെ ഏറ്റവും ശക്തനായ രാഷ്‌ട്രീയ നേതാവും ഭരണത്തിലെ അവസാന വാക്കും സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫുമാണ്. ഖമനേയിയുടെ പിൻഗാമി ആകുമെന്ന് കരുതിയിരുന്ന ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
മൊജ്തബാ ഖമനേയി
1969 സെപ്തംബർ 8ന് ജനനം
അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ
ഷിയാ പണ്ഡിതനും പുരോഹിതനും
ഇറാൻ - ഇറാക്ക് യുദ്ധത്തിൽ പോരാളി
ബസിജ് സായുധ ഗ്രൂപ്പിന്റെ തലവൻ
ഇസ്രയേലിൽ ട്രക്ക് ആക്രമണം
ഒരു മരണം
ഇസ്രയേലിൽ ഇന്നലെ സൈനിക കേന്ദ്രത്തിന് സമീപം ബസ്‌സ്റ്റാൻഡിലെ ജനക്കൂട്ടത്തിലേക്ക് അജ്ഞാതൻ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ഭീകരാക്രമണം ആണെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു. ട്രക്ക് ഡ്രൈവറെ ഒരാൾ വെടിവച്ചു കൊന്നു. ആക്രമണത്തെ ഹമാസ് 'വീരോചിതം" എന്ന് വിശേഷിപ്പിച്ചു.
ഇന്നലെ രാവിലെ ടെൽ അവീവിന് വടക്ക് ഗ്ലിലോട്ട് സൈനിക പരിശീലന കേന്ദ്രത്തിന് സമീപമാണ് ആക്രമണം. ഇസ്രയേൽ ചാര ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം ഇതിനടുത്താണ്.
ഇറാന് പ്രഹരം
ശനിയാഴ്ച ഇസ്രയേൽ വ്യോമാക്രമണം ഇറാന്റെ മിസൈൽ ശേഷിക്ക് പ്രഹരമായെന്ന് റിപ്പോർട്ടുണ്ട്.
ഇറാന് സാങ്കേതിക വിദ്യ ഇല്ലാത്തതിനാൽ ചൈനയിൽ നിന്ന് വാങ്ങിയ അത്യാധുനിക ഉപകരണങ്ങൾ നശിപ്പിച്ചു
ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ നിർണായക ഘടകങ്ങളെ ലക്ഷ്യമാക്കി
മുമ്പ് ആണപരീക്ഷണം നടന്ന കെട്ടിടവും ബാലിസ്റ്റിക് മിസൈൽ ഫാക്ടറിയും മിസൈൽ ഇന്ധന കേന്ദ്രങ്ങളും തകർത്തു
റഷ്യൻ നിർമ്മിത എസ് - 300 വ്യോമപ്രതിരോധ ശൃംഖലയെ ആക്രമിച്ചു. സിറിയയിലും ഇറാക്കിലുമുള്ള ഇതിന്റെ റഡാറുകൾ ആദ്യം തകർത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |