ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി ‘വിപ്ലവ മ്യൂസിയമായി’ മാറുമെന്ന് താൽക്കാലിക സർക്കാർ അറിയിച്ചു. ഹസീനയെ പുറത്താക്കിയ വിപ്ലവത്തെ ബഹുമാനിക്കുന്നതിനുള്ള മ്യൂസിയമാക്കി മാറ്റാനാണ് ആലോചന. അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്റെ സ്മരണയ്ക്കായി കൊട്ടാരം ‘വിപ്ലവ മ്യൂസിയം’ എന്ന പേരിലാക്കി മാറ്റുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേശകനും നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് പറഞ്ഞു. തടവിലാക്കപ്പെട്ടവർ മറ്റാരെയും കാണാൻ അനുവദിക്കാത്ത ‘ഹൗസ് ഓഫ് മിറേഴ്സ്’ എന്ന കുപ്രസിദ്ധമായ തടവറയുടെ ഒരു മാതൃക മ്യൂസിയത്തിൽ ഉൾപ്പെടുത്തും. ഡിസംബറോടെ മ്യൂസിയത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 15 വർഷത്തെ ഭരണത്തിൽ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി, രാഷ്ട്രീയ എതിരാളികളെ കൂട്ടതടങ്കലിലാക്കി, നിയമവിരുദ്ധ കൊലപാതകങ്ങൾ നടത്തി തുടങ്ങിയ ആരോപണങ്ങളെല്ലാം ശൈഖ് ഹസീനക്കെതിരെ ഉയർന്നിരുന്നു. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഫലമായി ഈ വർഷം ആഗസ്റ്റ് അഞ്ചിന് അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഷെയ്ഖ് ഹസീന രക്ഷപ്പെട്ടതിനു പിന്നാലെ കൊട്ടാരത്തിൽ ജനങ്ങൾ അതിക്രമിച്ച് കയറി അക്രമണം നടത്തിയിരുന്നു. ഷെയ്ഖ് ഹസീനയുടെ പതനത്തിന് മുമ്പ് നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ പൊലീസുകാരുൾപ്പടെ 700-ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |