ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ബംഗ്ലാദേശ്. നാട്ടിലെത്തിയ ശേഷം ഹസീനയ്ക്ക് ജുഡീഷ്യൽ നടപടികൾ നേരിടേണ്ടി വരുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മേധാവി തൗഹീദ് ഹുസൈൻ പറഞ്ഞു.
ഇന്ത്യയ്ക്ക് ഇതു സംബന്ധിച്ച കത്ത് നയതന്ത്ര പ്രതിനിധി തലത്തിൽ കൈമാറിയെന്നും ഹുസൈൻ അറിയിച്ചു. ഇന്ത്യ പ്രതികരിച്ചിട്ടില്ല. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയിൽ അഭയം തേടിയത്. ഹസീന എവിടെയാണെന്ന് അടക്കമുള്ള വിവരങ്ങൾ ഇന്ത്യ പുറത്തുവിട്ടിട്ടില്ല.
പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 800ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഹസീനയുടെ പതനത്തിന് പിന്നാലെ സമാധാന നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരത്തിലെത്തി.
കുരുക്കൊരുക്കി ബംഗ്ലാദേശ്
1.ഹസീന ബംഗ്ലാദേശിലെത്തിയാൽ അവർക്കെതിരെ വിചാരണ തുടങ്ങും
2. സംവരണ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കൂട്ടക്കൊല അടക്കമുള്ള കുറ്റങ്ങൾ ചുമത്തി
3. കൊലക്കുറ്റം അടക്കം ഇരുന്നൂറിലേറെ കേസുകൾ
4. ബംഗ്ലാദേശിലെ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്
5. കഴിഞ്ഞ 15 വർഷത്തിനിടെ ഹസീന ചെയ്തെന്ന് പറയുന്ന എല്ലാ കുറ്റങ്ങൾക്കും നടപടിയുണ്ടാകുമെന്ന് മുഹമ്മദ് യൂനുസ്
വെല്ലുവിളികൾ
അടുത്തിടെ റദ്ദാക്കപ്പെട്ട നയതന്ത്ര പാസ്പോർട്ട് അല്ലാതെ മറ്റൊരു പാസ്പോർട്ട് ഹസീനയുടെ പക്കലില്ലെന്ന് റിപ്പോർട്ട്
ഇന്ത്യൻ വിസാ നയപ്രകാരം നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ടുള്ള ബംഗ്ലാദേശി പൗരന്മാർക്ക് വിസാ രഹിത എൻട്രിക്ക് യോഗ്യത. 45 ദിവസം വരെ ഇന്ത്യയിൽ തങ്ങാം
ഹസീന നാലര മാസമായി ഇന്ത്യയിൽ
നയതന്ത്ര പാസ്പോർട്ടും ബന്ധപ്പെട്ട വിസാ ആനുകൂല്യങ്ങളും ഇല്ലാതാകുന്നത് ബംഗ്ലാദേശിന് കൈമാറാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും
ഹസീനയുടെ നാടുകടത്തൽ 2013ൽ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കൈമാറൽ ഉടമ്പടിയുടെ നിയമപരമായ ചട്ടക്കൂടിന് കീഴിലെന്ന് ബംഗ്ലാദേശ് വാദം
രാഷ്ട്രീയപരമായ ആരോപണങ്ങൾ മുൻനിറുത്തി കൈമാറൽ നിരസിക്കാൻ ഉടമ്പടി അനുവദിക്കുന്നു. എന്നാൽ, കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളെ രാഷ്ട്രീയമായി പരിഗണിക്കാനാകില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |