സിന്ധു,സതീഷ്,ഹോക്കി ടീം ക്വാർട്ടറിൽ
മേരികോമിന് നിർഭാഗ്യത്തോൽവി
ടോക്യോ : പ്രീക്വാർട്ടറിൽ നന്നായി പൊരുതിയിട്ടും നിർഭാഗ്യത്തിൽ കുരുങ്ങി എം.സി. മേരികോം പുറത്തായതിന്റെ നിരാശയൊഴിച്ചാൽ ടോക്യോ ഒളിമ്പിക്സിൽ ഇന്നലെ ഇന്ത്യയ്ക്ക് ശുഭദിനം. ബാഡ്മിന്റണിൽ പി.വി. സിന്ധുവും പുരുഷ ബോക്സിംഗിൽ സതീഷ്കുമാറും ക്വാർട്ടറിലെത്തി. ആസ്ട്രേലിയയ്ക്ക് എതിരായ തിരിച്ചടിയിൽ നിന്ന് കരകയറിയ പുരുഷ ഹോക്കി ടീം ഇന്നലെ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ 3-1ന് തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലെത്തി.
ഇന്ന് ഇന്ത്യയുടെ കണ്ണുകൾ ദീപികയുടെ അമ്പിൻതുമ്പിലാണ്. ആർച്ചറി വ്യക്തിഗത ഇനത്തിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറിന് റഷ്യക്കാരി സീനിയയ്ക്ക് എതിരെ പ്രീ ക്വാർട്ടറിനിറങ്ങുകയാണ് ദീപിക. ഈയിനത്തിൽ ക്വാർട്ടർ,സെമി,ഫൈനൽ മത്സരങ്ങളും ഇന്നുതന്നെ നടക്കുമെന്നതാണ് മെഡൽ മോഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ ദീപികയുടെ ഭർത്താവ് അതാനു ദാസ് പ്രീ ക്വാർട്ടറിലേക്ക് എത്തിയിട്ടുണ്ട്. നാളെയാണ് അതാനുവിന് മത്സരം.
അത്ലറ്റിക്സ് ഇന്ന് തുടങ്ങും
ടോക്യോയിൽ അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. മലയാളി താരം എം.പി. ജാബിർ ഇന്ന് 400 മീറ്റർ ഹർഡിൽസിന്റെ ഹീറ്റ്സിൽ മത്സരിക്കും.ഇന്ത്യൻ സമയം രാവിലെ 8.27നാണ് ജാബിറിന്റെ മത്സരം. വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ദ്യുതിചന്ദ്, 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ എന്നിവരും ഇന്ന് ട്രാക്കിലിറങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |