വാഷിംഗ്ടൺ: കാറ്റഗറി നാലിൽ പെട്ട ഐഡ ചുഴലിക്കാറ്റിൽ അമേരിക്കയിൽ കനത്ത നാശനഷ്ടം. മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിൽ ലൂസിയാനയിലെ ഫോർച്ചോൺ തുറമുഖത്തെത്തിയതോടെെ ന്യൂ ഓർലിയൻസിൽ വൈദ്യുതി വിതരണം താറുമാറാക്കി. നഗരത്തിൽ ഏഴു ലക്ഷത്തോളം പേർക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതായി അധികൃതർ അറിയിച്ചു. കനത്ത മഴയിൽ ലൂസിയാനയിലും മിസിസിപ്പിയിലും നാലു മുതൽ ഏഴുവരെ അടി ജലനിരപ്പുയർന്നു.ചുഴലിക്കാറ്റിനെത്തുടർന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അതിനിടെ ശക്തമായി വീശിയടിച്ച ചുഴലിക്കാറ്റിൽ രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും അദ്ദേഹം നിർദ്ദേശം നല്കിയിട്ടുണ്ട്. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലെ 10 ലക്ഷത്തോളം പേർക്ക് മാറിത്താമസിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ചുഴലിക്കാറ്റിനെ തുടർന്ന് മിസിസിപ്പി പുഴ എതിർദിശയിലേക്ക് ഒഴുകാൻ തുടങ്ങി. അതുവരെ വടക്കുനിന്ന് തെക്കോട്ടൊഴുകിയ പുഴ യാണ് നിലവിൽ ദിശ മാറി തെക്കുനിന്ന് വടക്കോട്ടൊഴുകിയത്. ബെലി ചാസിലുള്ള പുഴ മാപിനിയാണ് അൽപനേരത്തേക്ക് പുഴ എതിർദിശയിൽ ഒഴുകുന്നത് രേഖപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |