ബെർലിൻ: 2021ലെ ആഗോള വിശപ്പ് സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡെക്സ്) ഇന്ത്യ 101ാമത്. 116 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ 94ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഐറിഷ് സംഘടനയായ കൺസേൺ വേൾഡ്വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹംഗർ ലൈഫും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ ഇന്ത്യയിലെ പട്ടിണിയുടെ നിരക്ക് ഗുരുതരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരക്കുറവ്, അഞ്ചുവയസിൽ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ ആധാരമാക്കി തയ്യാറാക്കിയ റിപ്പോർട്ടിൽ പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ അലംഭാവം തുടങ്ങിയവയാണ് ഇന്ത്യയെ പുറകിലാക്കിയത്. കൊവിഡ് നിയന്ത്രണങ്ങൾ ഇന്ത്യയിലെ സ്ഥിതി കൂടുതൽ വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പട്ടികയിൽ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങൾക്കും പിന്നിലാണ് ഇന്ത്യ. പട്ടികയിൽ അവസാന സ്ഥാനം സൊമാലിയയ്ക്കാണ്. ദാരിദ്ര്യം, പോഷകക്കുറവ് എന്നിവ നിരന്തരം നിരീക്ഷിക്കുക എന്നതാണ് ആഗോള വിശപ്പ് സൂചികയുടെ ചുമതല.
അതേസമയം, സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമാണെന്ന് കേന്ദ്രം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ റാങ്ക് താഴ്ന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂചികയിൽ ഗുരുതരമായ പിഴവുകൾ ഉണ്ട്. അടിസ്ഥാനപരമായ വസ്തുതകളെ കണക്കിലെടുക്കാതെ തയ്യാറാക്കിയ സൂചികയാണിത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സർവേയിലൂടെയാണ് ഏജൻസി വിശകലനം നടത്തിയത്. ടെലിഫോണിലൂടെ നടത്തിയ സർവേ ശാസ്ത്രീയ രീതിയിലുള്ളതല്ല. സർക്കാരിൽ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഭക്ഷ്യസഹായം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം പോലും സർവേയിൽ ഉൾപ്പെട്ടിരുന്നില്ല. സർവേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണ്.
കൊവിഡ് കാലത്തുപോലും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പൂർണമായും അപകീർത്തിപ്പെടുത്തുന്ന റിപ്പോർട്ടാണിത്. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭ്യമാണെന്നും പ്രസ്താവനയിലുണ്ട്.
മുൻ നിരയിലുള്ള 10 രാജ്യങ്ങൾ
ബെലാറസ്
ബോസ്നിയ ആൻഡ് ഹെർസെഗൊവിന
ബ്രസീൽ
ചിലി
ചൈന
ക്രൊയേഷ്യ
ക്യൂബ
എസ്റ്റോണിയ
കുവൈറ്റ്
ലാത്വിയ
ഇന്ത്യയുടെ അയൽരാജ്യങ്ങളിലെ സ്ഥിതി
മ്യാൻമർ - 71
നേപ്പാൾ - 76
ബംഗ്ലാദേശ് - 76
പാകിസ്ഥാൻ - 92
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |