SignIn
Kerala Kaumudi Online
Friday, 26 April 2024 7.16 PM IST

ശ്രീലങ്ക കത്തുന്നു : 36 മണിക്കൂർ കർഫ്യൂ

sri-lanka

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യ വ്യാപകമായി 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി ശ്രീലങ്ക. ഇന്നലെ വൈകിട്ട് 6 മണിക്ക് നിലവിൽ വന്ന കർഫ്യൂ നാളെ രാവിലെ 6 മണി വരെ തുടരും. രാജ്യമെമ്പാടും സൈന്യവും പൊലീസും നിലയുറപ്പിച്ചിരിക്കുകയാണ്. ഇതോടെ ശ്രീലങ്കൻ ജനത വീട്ടുതടങ്കലിന് സമാനമായ അവസ്ഥയാണ് നേരിടുന്നത്. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയാണ് ജനകീയ പ്രക്ഷോഭങ്ങളെ ചെറുക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോട്ടബയ രജപക്സെ ഉത്തരവിറക്കിയത്.

ഇന്ന് രാജ്യവ്യാപകമായി 'അറബ് വസന്ത" മാതൃകയിൽ ( ഒരു ദശാബ്ദത്തിന് മുമ്പ് മിഡിൽ ഈസ്റ്റിൽ നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ) സമരം നടത്താൻ സോഷ്യൽ മീഡിയയിലൂടെ ആഹ്വാനമുണ്ടായിരുന്നു. ഇത് മുന്നിൽ കണ്ടാണ് കർഫ്യൂ. അടിയന്തരാവസ്ഥ നിലവിലുള്ളതിനാൽ സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ ദീർഘനാൾ തടവിൽ വയ്ക്കാനും സൈന്യത്തിന് അധികാരമുണ്ട്. ഗാലെ, മതാര, മൊറതുവ തുടങ്ങിയ തെക്കൻ നഗരങ്ങളിൽ പ്രതിഷേധം വ്യാപകമായിരുന്നു. പലയിടത്തും റോഡിൽ ഗതാഗതം തടസപ്പെട്ടു. പല രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെയും വെള്ളിയാഴ്ച പരക്കെ ആക്രമണം നടന്നിരുന്നു.

ബദുല്ലയിൽ ഒരു പൊതുപരിപാടിയ്ക്കിടെ ഭരണപക്ഷ എം.എൽ.എയ്ക്ക് നേരെ മുട്ടയേറ് നടന്നിരുന്നു. വെള്ളിയാഴ്ചയും രാജ്യത്തുടനീളം രജപക്സെ സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരക്കെ പ്രതിഷേധങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രഹസ്യവിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പലയിടത്തും സുരക്ഷ ശക്തമാക്കാൻ നടപടി സ്വീകരിച്ചതായി പബ്ലിക് ഡിഫൻസ് മന്ത്രാലയം അറിയിച്ചു. പ്രസിഡന്റിന്റെ വസതിക്ക് നേരെ അരങ്ങേറിയ അക്രമ സംഭവങ്ങളെ തീവ്രവാദ പ്രവർത്തനങ്ങളെന്ന് വിശേഷിപ്പിച്ച ലങ്കൻ ഭരണകൂടം പ്രതിപക്ഷ പാർട്ടികളാണ് ആക്രമണങ്ങൾക്ക് പിന്നിലെന്ന് ആരോപിച്ചിരുന്നു.

 തകർന്നടിഞ്ഞ് സമ്പദ്‌വ്യവസ്ഥ

കൊവിഡിന്റെ വരവോടെ രാജ്യത്തെ പ്രധാന വരുമാന സ്രോതസായ ടൂറിസം മേഖല തകർന്നടിഞ്ഞത് ശ്രീലങ്കയെ കാര്യമായി ബാധിച്ചിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രഹരമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയും വർഷങ്ങളായി കുമിഞ്ഞുകൂടുന്ന കടമെടുപ്പും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ഒടുവിൽ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം കൊളംബോയിലെ പണപ്പെരുപ്പം മാർച്ചിൽ 18.7 ശതമാനത്തിലെത്തിയെന്നാണ്. തുടർച്ചയായ ആറാം മാസമാണ് പണപ്പെരുപ്പം കുത്തനെ ഉയരുന്നത്. ഭക്ഷ്യ വസ്തുക്കളുടെ വില 30.1 ശതമാനമെന്ന റെക്കോർഡ് കുതിപ്പിലേക്കാണ് ഉയർന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.